Manchester United

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ മറ്റു മികച്ച ക്ലബുകളുടെ ഓഫറുകൾ തഴഞ്ഞു, കാരണം വെളിപ്പെടുത്തി ടെൻ ഹാഗ്

Sreejith N
Erik Ten Hag Reveals He Rejected Better Offers To Join Man Utd
Erik Ten Hag Reveals He Rejected Better Offers To Join Man Utd / ANP/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിനായി മറ്റു മികച്ച ക്ലബുകളുടെ ഓഫർ താൻ തഴഞ്ഞുവെന്ന് ക്ലബിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കാൻ പോകുന്ന എറിക് ടെൻ ഹാഗ്. ഈ സീസൺ പൂർത്തിയാകുന്നതോടെ താൽക്കാലിക പരിശീലകനായ റാങ്നിക്കിനു പകരക്കാരനാവാൻ പോകുന്ന ടെൻ ഹാഗ് ഇംഗ്ലണ്ടിലേക്ക് എത്തിയിട്ടുണ്ട്.

ഒരു പതിറ്റാണ്ടു മുൻപ് ഇംഗ്ലണ്ടിലെ ഏറ്റവും ശക്തമായ ടീമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. ഈ സീസണിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാത്ത ടീം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിലും പരാജയപ്പെട്ടു. ഇതിനെയെല്ലാം മാറ്റിയെടുത്ത് യൂറോപ്പിലെ മികച്ച ടീമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിനെ മാറ്റുകയെന്ന ഉത്തരവാദിത്വമാണ് ടെൻ ഹാഗിന് മുന്നിലുള്ളത്.

"എനിക്ക് കുറച്ചു കൂടി മികച്ച അടിത്തറയുള്ള മറ്റുള്ള ക്ലബുകളെ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നു. പക്ഷെ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് തിരഞ്ഞെടുത്തത്. ഇവിടെ പല കാര്യങ്ങളിലും ശ്രദ്ധ വേണ്ടതുണ്ട്, അതൊരു വെല്ലുവിളിയുമാണ്. അതെങ്ങിനെ ചെയ്യണമെന്നതിനെ കുറിച്ച് ക്ലബും ഞാനും ഒരേ രീതിയിലാണ് ചിന്തിക്കുന്നത്." ടെൻ ഹാഗ് ദി ടെലെഗ്രാഫിനോട് പറഞ്ഞു.

ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ചുമതല ഏറ്റെടുക്കുമ്പോൾ ആരാധകരെ സംബന്ധിച്ചുള്ള പ്രധാന ആശങ്ക സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഉണ്ടാകുമോ എന്നതായിരുന്നു. എന്നാൽ റൊണാൾഡോയെ അസാമാന്യ പ്രതിഭ എന്നു വിളിച്ച ടെൻ ഹാഗ് താരത്തിനെ തന്റെ ടീമിനു വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റൊണാൾഡോയുമായി അദ്ദേഹം അടുത്ത ദിവസങ്ങളിൽ കൂടിക്കാഴ്‌ച നടത്തുകയും ചെയ്യും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit