മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കായി 5 പുതിയ നിയമങ്ങൾ ഏർപ്പെടുത്തി എറിക് ടെൻ ഹാഗ്


പ്രീസീസൺ മത്സരങ്ങൾക്ക് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് തന്റെ ടീമിന് 5 പുതിയ നിയമങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്.
ഈ സമ്മറിലാണ് അയാക്സിൽ നിന്നും പരിശീലകൻ എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ട്ടപ്പെട്ട് യൂറോപ്പ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ടെൻ ഹാഗ് നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ സീസണിലെ പ്രധാനപ്രശ്നമായി ഉയർന്നു വന്നിരുന്നത് ഡ്രസിങ് റൂമിൽ നടക്കുന്ന കാര്യങ്ങൾ ചോരുന്നു എന്നതായിരുന്നു. യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായിരുന്ന റാൽഫ് റാഗ്നിക്കിനെയും താരങ്ങളെയും സംബന്ധിച്ച വിവരങ്ങൾ തുടർച്ചയായി മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. വിവരങ്ങൾ ഇനി മുതൽ ഏതെങ്കിലും താരങ്ങൾ പുറത്തുവിട്ടതായി അറിഞ്ഞാൽ അവർ ടീമിന് പുറത്തായിരിക്കുമെന്ന് ടെൻ ഹാഗ് അന്ത്യശാസനം നൽകിയതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.
ഡ്രസിങ് റൂമിലെ എത്ര പ്രധാനപ്പെട്ട താരമായാലും പരിശീലനത്തിന് വൈകി വന്നാൽ അവരെ പുറത്താക്കുമെന്നും ടെൻ ഹാഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മത്സരം നടക്കുന്ന ആഴ്ചകളിൽ ടെൻ ഹാഗ് മദ്യം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. താരങ്ങളുടെ ശാരീരികഅവസ്ഥകളിൽ ടെൻ ഹാഗ് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.
ഭക്ഷണം കൂടുതൽ ആരോഗ്യകരമാക്കാൻ കാരിങ്ടൺ ട്രെയിനിങ് ഗ്രൗണ്ടിലെ മെനുവിൽ അദ്ദേഹം മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. അതു പോലെ തന്നെ ഓരോ താരങ്ങളും അവരുടെ വ്യക്തിഗത പാചകക്കാരനോടൊപ്പം പ്രവർത്തിക്കുന്നതിനു പകരം എല്ലാ താരങ്ങളും ഒരു പാചകക്കാരന് കീഴിൽ ഭക്ഷണം കഴിക്കുന്ന രീതി കൊണ്ട് വരുന്നതും ടെൻ ഹാഗ് പരിഗണിക്കുന്നു.
ഓരോ താരങ്ങൾക്കും വ്യക്തിഗത ഡയറ്റ് പ്ലാനുകൾ നൽകി അവർ മികച്ച ശാരീരികാവസ്ഥയിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാവരുടെയും ബോഡി മാസ്സ് ഇൻഡെക്സ് എല്ലാ മാസവും പരിശോധിക്കും.
തന്റെ ആശയങ്ങൾ കർശനമായി തോന്നുമെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ഏജന്റിനോട് സംസാരിക്കുന്നതിനു പകരം തന്നോട് സൂചിപ്പിക്കണമെന്നും ടെൻ ഹാഗ് ആവശ്യപ്പെട്ടു. ചുറ്റുമുള്ളവരുമായി മികച്ച ബന്ധം പുലർത്താൻ ആഗ്രഹിക്കുന്ന ടെൻ ഹാഗ് നിലവാരം ഉയർത്തുന്നതിലൂടെ യുണൈറ്റഡിനെ മികച്ചതാക്കാനാകുമെന്ന് വിശ്വസിക്കുന്നു.