ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തില്‍ മൗനം വെടിഞ്ഞ് എറിക് ടെന്‍ ഹാഗ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുമോ ഇല്ലയോ എന്ന ചര്‍ച്ചയിലാണ് ഇംഗ്ലീഷ് ക്ലബിന്റെ ആരാധകർ. താരം പ്രീ സീസണിനായി ടീമിനൊപ്പം ചേരാതിരുന്നതോടെയാണ് പോര്‍ച്ചുഗീസ് താരം ക്ലബ് വിടുമെന്ന സംശയം ബലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം വ്യക്തമാക്കിയിരിക്കുകയാണ് യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗ്.
ഈ സീസണില്‍ റൊണാള്‍ഡോയെ വില്‍ക്കാന്‍ ക്ലബിന് പദ്ധതിയില്ലെന്നാണ് ടെന്‍ ഹാഗ് വ്യക്തമാക്കിയത്. തിങ്കളാഴ്ച തായ്‌ലന്‍ഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റൊണാൾഡോയെ കുറിച്ചുള്ള വിവരങ്ങള്‍ ടെന്‍ ഹാഗ് വ്യക്തമാക്കിയത്. 37കാരനായ താരം കുടുംബപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ക്ലബിനൊപ്പം ചേരാത്തതെന്ന് ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കുടുംബപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ക്രിസ്റ്റ്യാനോ ഇപ്പോള്‍ ടീമിനൊപ്പമില്ലാത്തതെന്ന് ടെൻ ഹാഗ് വാര്‍ത്താ സമ്മേളനത്തില്‍ ഊന്നിപ്പറയുകയും ചെയ്തു. "റൊണാൾഡോ ഞങ്ങൾക്കൊപ്പമില്ല. വ്യക്തിപരമായ പ്രശ്നങ്ങൾ മൂലമാണത്," ടെൻ ഹാഗ് പറഞ്ഞു.
റൊണാൾഡോയെ വിൽക്കുമോയെന്നും, ക്ലബ് വിടാൻ താരം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യങ്ങൾക്കും ടെൻ ഹാഗ് മറുപടി നൽകി. "ഇല്ല. ഈ സീസണില്‍ റൊണാള്‍ഡോയും ഉള്‍പ്പെട്ട പദ്ധതിയാണുള്ളത്. ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയാണ്.
"എനിക്കറിയില്ല, അതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല. അദ്ദേഹം ക്ലബ് വിടാന്‍ ശ്രമിക്കുന്നുവെന്നത് ഞാന്‍ വായിച്ചാണ് അറിഞ്ഞത്. പക്ഷേ ഞാൻ പറയുന്നത് ക്രിസ്റ്റ്യാനോ വിൽപ്പനയ്ക്കുള്ളതല്ല, അവൻ ഞങ്ങളുടെ പദ്ധതികളിലുണ്ട്. ഞങ്ങൾ ഒരുമിച്ച് വിജയം നേടാൻ ആഗ്രഹിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.