ന്യൂകാസിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളുടെ പരിശീലകനാവാൻ ആഗ്രഹിക്കുന്നില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ടെൻ ഹാഗ്

ഒലെ ഗുണ്ണാർ സോൾഷ്യറിന് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്ന പരിശീലകരിൽ പ്രധാനിയാണ് ഡച്ച് ക്ലബ്ബായ അയാക്സിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ്. നേരത്തെ സ്റ്റീവ് ബ്രൂസിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ന്യൂകാസിൽ യുണൈറ്റഡും തങ്ങളുടെ പുതിയ പരിശീലകനായി ടെൻ ഹാഗിനെ പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് എഡ്ഡി ഹോവിനെ അവർ പരിശീലകനായി നിയമിക്കുകയായിരുന്നു
പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ പരിശീലക സ്ഥാനവുമായി ബന്ധപ്പെട്ട് തന്റെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും/കേൾക്കുന്നുണ്ടെങ്കിലും അവിടേക്ക് വരാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിനിടെ അയാക്സിന്റെ പരിശീലകനായി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ടെൻ ഹാഗ് തന്നെ വ്യക്തമാക്കുകയും ചെയ്തു.
അയാക്സിൽ നിന്ന് പോന്നതിന് ശേഷം എന്താണ് ചെയ്യുകയെന്ന ചോദ്യത്തിന്, താൻ വർത്തമാനകാലത്തിലാണ് ജീവിക്കുന്നതെന്നും അതിനാൽ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ബുദ്ധിമുട്ടാണെന്നുമായിരുന്നു ടെൻ ഹാഗിന്റെ മറുപടി. എല്ലായ്പോഴും തന്റെ ടീമിനെ (അയാക്സ്) മെച്ചപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ പ്രചോദനം തനിക്ക് അനുഭവപ്പെടുന്നിടത്തോളം കാലം, ക്ലബ്ബിനും അത് ആവശ്യമാണെങ്കിൽ താൻ അയാക്സിൽ തുടരുമെന്നും കൂട്ടിച്ചേർത്തു.
ന്യൂകാസിൽ യുണൈറ്റഡിൽ ചേരാൻ ആഗ്രഹിക്കാത്തത് എന്തു കൊണ്ടെന്ന ചോദ്യവും അഭിമുഖത്തിനിടെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, "എന്തെന്നാൽ ഞാൻ അയാക്സിൽ സന്തുഷ്ടനാണ്. എനിക്ക് ബോർഡുമായി വളരെ മികച്ച ബന്ധമാണുള്ളത്. വളരെ ശക്തമായ ഒരു സ്ക്വാഡിനെയാണ് ഞാൻ കൈകാര്യം ചെയ്യുന്നത്," ടെൻ ഹാഗ് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.