എറിക് ടെന്‍ ഹഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാറിന്റെ അന്തിമ ഘട്ടത്തില്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകനെ തേടിയുള്ള യാത്ര ഏറെക്കുറെ അവസാനിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഡച്ച് പരിശീലകന് എറിക് ടെന്‍ ഹഗുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നാണ് 90min വൃത്തങ്ങള്‍ മനസിലാക്കുന്നത്.
ഹഗിനെ ആവശ്യമാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന്റെ നിലവിലെ ക്ലബ് അയാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് യുണൈറ്റഡ് നീക്കം നടത്തുന്നത്. നേരത്തെ പി.എസ്.ജി പരിശീലകന് മൗറീസിയോ പൊച്ചറ്റീനോയായിരുന്നു യുണൈറ്റഡിന്റെ പട്ടികയിലെ ആദ്യ വ്യക്തി. എന്നാല്‍ പെട്ടെന്ന് യുണൈറ്റഡിന്റെ പദ്ധതികള്‍ മാറുകയായിരുന്നു.
എറികുമായി യുണൈറ്റഡ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നതായി 90min നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സീസണോടെ താല്‍ക്കാലിക പരിശീലകന് റാല്‍ഫ് റാങ്നിക്കിന്റെ ചുമതല അവസാനിക്കും. അതിന് ശേഷമായിരിക്കും പുതിയ പരിശീലകനെ ചുമതല ഏല്‍പ്പിക്കുക. ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറെ പുറത്താക്കിയതിന് ശേഷം യുണൈറ്റഡിന് ഇതുവരെ സ്ഥിര പരിശീലകനെ ലഭിച്ചിട്ടില്ല.
2017 മുതല്‍ അയാക്സിന്റെ പരിശീലകനായ എറിക് ടെന്‍ ഹഗ് യുണൈറ്റഡിന് കൂടുതല്‍ ചേരുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഡച്ച് പരിശീലകനെ സ്വന്തമാക്കുന്നത്. യുണൈറ്റഡ് എറികിനെ സ്വന്തമാക്കാന്‍ ശക്തമായ നീക്കം നടത്തുമ്പോള്‍ ജര്‍മന്‍ ക്ലബായ ആര്.ബി ലെപ്സിഷും അയാക്സ് പരിശീലകന് വേണ്ടി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.