റൊണാൾഡോ യഥാർത്ഥ ജേതാവ്, താരത്തിന്റെ കൂടെ പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്ന് എറിക് ടെൻ ഹാഗ്
By Sreejith N

ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം പ്രവർത്തിക്കാൻ താൻ അക്ഷമനായി കാത്തിരിക്കുകയാണെന്ന് അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ചുമതല ഏറ്റെടുക്കാൻ പോകുന്ന എറിക് ടെൻ ഹാഗ്. ഡച്ച് സീസൺ അവസാനിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ എറിക് ടെൻ ഹാഗ് അടുത്ത ദിവസങ്ങളിൽ റൊണാൾഡോയുമായി കൂടിക്കാഴ്‌ച നടത്താൻ ഒരുങ്ങിയിരിക്കെയാണ് താരത്തെ പ്രശംസിച്ചത്.
അടുത്ത സീസണിൽ പരിശീലകനായി എറിക് ടെൻ ഹാഗ് എത്തുമെന്നിരിക്കെ പത്തോളം താരങ്ങൾ ക്ലബിൽ നിന്നും ഒഴിവാക്കപ്പെടുമെന്നും അതിലൊരാൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരത്തെ ഒഴിവാക്കാൻ തനിക്ക് യാതൊരു പദ്ധതിയുമില്ലെന്ന് വ്യക്തമാക്കിയ ടെൻ ഹാഗ് അയാക്‌സും യുവന്റസും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ റൊണാൾഡോ തന്നോട് സംസാരിച്ചതും സൂചിപ്പിക്കുകയുണ്ടായി.
Erik ten Hag with one more clear message on Cristiano Ronaldo: “Yes, Cristiano is magnificent footballer and a true winner - so I can’t wait to start working with him!”. ? #MUFC pic.twitter.com/eas6Vm2Pen
— Fabrizio Romano (@FabrizioRomano) May 20, 2022
"അതു വളരെ ആവേശകരമായൊരു സംസാരം ആയിരുന്നു. ഞങ്ങൾ കളിച്ച രീതിയെ താരം അഭിനന്ദിച്ചുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ഒരു യഥാർത്ഥ ജേതാവും വളരെ മികച്ച കളിക്കാരനുമാണ്. താരത്തിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് കാത്തിരിക്കാൻ പോലും ക്ഷമയില്ല." ടെൻ ഹാഗ് മാധ്യമങ്ങളോട് സംസാരിക്കേ പറഞ്ഞു.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനമാണ് കാഴ്ച്ച വെച്ചതെങ്കിലും റൊണാൾഡോ അവിടെയും വേറിട്ടു നിന്നിരുന്നു. പതിനെട്ടു ഗോളുകൾ ലീഗിൽ നേടിയ താരം ടോപ് സ്‌കോറർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. മുപ്പത്തിയേഴു വയസിലും തന്റെ ഏറ്റവും മികച്ച പ്രകടനമാണ് താരം നടത്തുന്നത് എന്നതിനാൽ റൊണാൾഡോയെ നിലനിർത്താനുള്ള ടെൻ ഹാഗിന്റെ തീരുമാനത്തിൽ യാതൊരു അതിശയോക്തിയുമില്ല.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം തുടരാൻ റൊണാൾഡോ തയ്യാറാകുമോ എന്നാണു ഇനി അറിയേണ്ടത്. അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാത്തതിനാൽ റൊണാൾഡോ ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കരിയറിൽ ഇതുവരെ ചാമ്പ്യൻസ് ലീഗ് നഷ്‌ടമായിട്ടില്ലാത്ത കളിക്കാരനാണ് റൊണാൾഡോ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.