അടുത്ത സീസണിൽ മാനേജർ സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്‌ഷ്യം പോച്ചട്ടിനോയല്ല

Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

റാൾഫ് റാങ്നിക്ക് മാനേജർ സ്ഥാനം ഏറ്റെടുത്തതിനു ശേഷവും മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനം തുടരുന്നതിനാൽ അടുത്ത സീസണിൽ പുതിയ പരിശീലകൻ ക്ലബിലേക്കെത്തുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. നിരവധി പരിശീലകരെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഇതുവരെ അതിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്നത് പിഎസ്‌ജി മാനേജരായ മൗറീസിയോ പോച്ചട്ടിനോയായിരുന്നു.

എന്നാലിപ്പോൾ പോച്ചട്ടിനോയെയല്ല പരിശീലകസ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനമായും പരിഗണിക്കുന്നതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. അർജന്റീനിയൻ പരിശീലകനു പകരം അയാക്‌സിന്റെ ഡച്ച് മാനേജറായ എറിക് ടെൻ ഹാഗാണ് അടുത്ത സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്‌ഷ്യം. ദി ടൈംസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്‌തത്‌.

അയാക്‌സിനൊപ്പം രണ്ടു ഡച്ച് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള എറിക് ടെൻ ഹാഗിനു കീഴിൽ 2018/19 സീസണിലെ ചാമ്പ്യൻസ് ലീഗിൽ ടീം നടത്തിയ കുതിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നോക്ക്ഔട്ട് മത്സരങ്ങളിൽ റയൽ മാഡ്രിഡിനെയും യുവന്റസിനെയും കീഴടക്കിയ അവർ സെമിയിൽ ടോട്ടനത്തോട് ദൗർഭാഗ്യകരമായി കീഴടങ്ങുകയായിരുന്നു.

ഈ സീസണിലും മികച്ച പ്രകടനമാണ് അയാക്‌സ് നടത്തുന്നത് എന്നിരിക്കെ അടുത്ത സീസണിൽ ടെൻ ഹാഗ് ക്ലബിനൊപ്പം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. മറ്റു ലീഗിൽ പരിശീലകനാവുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ താൻ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ഡിസംബറിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അതേസമയം ഗാരി നെവിൽ ഉൾപ്പെടെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങൾ പലരും തങ്ങളുടെ പിന്തുണ പോച്ചട്ടിനോക്കാണ് നൽകുന്നത്. നേരത്തെ ടോട്ടനം പരിശീലകനായിരുന്ന അദ്ദേഹത്തിന് പ്രീമിയർ ലീഗിലുള്ള പരിചയസമ്പത്താണ് അനുകൂലമാകുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.