Football in Malayalam

അയാക്‌സ് വിടുമെന്ന സൂചനകൾ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്ന പരിശീലകനായ എറിക് ടെൻ ഹാഗ്

Sreejith N
Ajax v Standard Luik - UEFA Champions League
Ajax v Standard Luik - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

ഈ സീസൺ അവസാനിക്കുന്നതോടെ അയാക്‌സ് വിടാനുള്ള സാധ്യതയുണ്ടെന്നു സൂചിപ്പിച്ച് പരിശീലകൻ എറിക് ടെൻ ഹാഗ്. അടുത്ത സീസണിൽ സ്ഥിരം പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഡച്ച് പരിശീലകനെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ ഇടയിലാണ് ആംസ്റ്റർഡാം വിട്ടേക്കുമെന്ന സൂചനകൾ ടെൻ ഹാഗ് നൽകിയത്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ റാൾഫ് റാങ്നിക്കിനു കീഴിലുള്ള ആദ്യ മത്സരത്തിൽ ടീം പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തിയെങ്കിലും ജർമൻ കൊച്ചിന്റെ കരാർ ഈ സീസൺ അവസാനം വരെ മാത്രം ദൈർഘ്യമുള്ളതാണ്. അതിനു ശേഷം അദ്ദേഹത്തിന്റെ കരാർ നീട്ടുന്നില്ലെങ്കിൽ സ്ഥിരം പരിശീലകനായി ടെൻ ഹാഗുൾപ്പടെയുള്ളവർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിഗണനയിലുണ്ട്.

മറ്റൊരു രാജ്യത്തുള്ള ക്ലബ്ബിലേക്ക് ചേക്കേറുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ടെൻ ഹാഗിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "ഞാനതിനു വേണ്ടി തയ്യാറെടുത്തു എന്നാണു കരുതുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കാൻ എനിക്ക് സന്തോഷമേയുള്ളൂ, എന്നാൽ ഞാനതിനെ തേടുന്നില്ല. അങ്ങിനെയൊരു ഘട്ടം വന്നില്ലെങ്കിൽ എന്റെ പരിശീലക കരിയർ അവസാനിച്ചുവെന്നും ഞാൻ കരുതുന്നില്ല." ടെൻ ഹാഗ് പറഞ്ഞു.

അതേസമയം അത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള കഴിവുകൾ തനിക്കുണ്ടെന്നും ടെൻ ഹാഗ് ഡച്ച് മാധ്യമമായ ഡി വോൾസ്കറാന്റിനോട് സംസാരിക്കുമ്പോൾ പറഞ്ഞു. എറിക് ടെൻ ഹാഗിന്റെ പ്രതികരണത്തിൽ നിന്നും ഈ സീസണു ശേഷം അദ്ദേഹം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിൽ തന്നെയാണെന്നാണ് വ്യക്തമാകുന്നത്.

അയാക്‌സിനൊപ്പം 73 ശതമാനം മത്സരങ്ങളിലും വിജയം നേടിയ പരിശീലകനായ ടെൻ ഹാഗിനു കീഴിൽ 2017ലെ ചാമ്പ്യൻസ് ലീഗിൽ ഡച്ച് ക്ലബ് നടത്തിയ കുതിപ്പ് വിസ്‌മയാവഹമായിരുന്നു. ഈ സീസണിലും സമാനമായ കുതിപ്പിന്റെ ലക്ഷണങ്ങൾ ചാമ്പ്യൻസ് ലീഗിൽ നടത്തുന്ന അയാക്‌സിൽ നിന്നും ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയാൽ അതു ടീമിന് പുതിയൊരു ഉണർവു തന്നെയാകും നൽകുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit