Football in Malayalam

ആഴ്സനൽ, ചെൽസി ടീമുകളിൽ നിന്നുള്ള താല്പര്യം നിരസിച്ച് മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ; താരം ബാഴ്‌സയിലേക്ക് ചേക്കേറിയേക്കും

Gokul Manthara
Pool/Getty Images
facebooktwitterreddit

ഈ സീസണിനൊടുവിൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ തയ്യാറെടുക്കുന്ന‌ സ്പാനിഷ് പ്രതിരോധ താരം എറിക്ക് ഗാർസ്യയെ ടീമിലെത്തിക്കാ‌ൻ ആഴ്സനൽ, ചെൽസി ടീമുകൾ ശ്രമ‌ങ്ങൾ നടത്തിയതായും എന്നാൽ താരം ഈ ര‌ണ്ട് ക്ലബ്ബുകളുടേയും താല്പര്യം നിരസിച്ചതായും സൂചന. ഇതോടെ താരം വരും സമ്മറിൽ ത‌ന്റെ മുൻ ക്ലബ്ബ് കൂടിയായിരുന്ന എഫ് സി ബാഴ്സലോണയിലേക്ക് തിരിച്ചു പോയേക്കുമെന്നത് ഏറെക്കുറെ ഉറപ്പായി.

ത‌ങ്ങളുടെ പ്രതിരോധത്തിൽ വൻ അഴിച്ചു പണികൾ നടത്താൻ ആഴ്സനൽ പരിശീലക‌ൻ മൈക്കൽ അർട്ടേറ്റയ്ക്ക് പദ്ധതികളുണ്ടെന്നും, വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ പുതിയൊരു സെന്റർബാക്ക് താരത്തെ ടീമിലെത്തിക്കാൻ അദ്ദേഹം തീരുമാനിച്ചതായും ഇക്കഴിഞ്ഞ ജനുവരിയിൽ സ്റ്റാർസ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരമായ ഗാർസ്യയെയാണ് ഈ ‌സ്ഥാനത്തേക്ക് അവർ നോട്ടമിടുകയെന്ന് പിന്നാലെ വാർത്തകളും വന്നു.

എന്നാൽ ഗാർസ്യക്ക് ബാഴ്സലോണയിലേക്ക് തിരിച്ചു പോകാനാണ് ആഗ്രഹമെന്ന് അദ്ദേഹത്തിന്റെ പ്രതിനിധികൾ ആഴ്സനലിനെ അറിയിക്കുകയും ഇതോടെ താരത്തിനായുള്ള നീക്കത്തിൽ നിന്ന് അവർ പിന്മാറുകയുമായിരുന്നു. ചെൽസിയും ഗാർസ്യക്കായി രംഗത്തെത്തിയെങ്കിലും ആഴ്സനലിന് ലഭിച്ച അതേ സന്ദേശം തന്നെയാണ് ഗാർസ്യയുടെ കാര്യത്തിൽ അവർക്കും ലഭിച്ചത്.

കഴിഞ്ഞ സീസണിൽ തന്റെ ഏറ്റവും മികച്ച ഡിഫൻഡറെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വിശേഷിപ്പിച്ച ഗാർസ്യ, കരാർ പുതുക്കാനുള്ള‌ സിറ്റി ക്ലബ്ബിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നതായി ഇതിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

2008 മുതൽ‌ 2017 വരെ ബാഴ്സലോണയുടെ യൂത്ത് ടീമിൽ അംഗമായിരുന്ന ഗാർസ്യ കഴിഞ്ഞ ദിവസം ബാഴ്സലോണയിൽ ലയണൽ മെസിക്കൊപ്പം കളിക്കുന്നത് വളരെ സ്പെഷ്യലായ കാര്യമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും മികച്ച താരമാണ് മെസിയെന്നും അവിശ്വസനീയമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്തു കൊ‌ണ്ടിരിക്കുന്നതെന്നും ഇതിനൊപ്പം പറഞ്ഞ ഗാർസ്യ, മാസങ്ങൾക്കുള്ളിൽ മെസിക്കൊപ്പം ഒരുമിച്ച് കളിക്കുന്നത് ഫുട്ബോൾ പ്രേമികൾക്ക് കാണാൻ കഴിയുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ വ്യക്തമാക്കുന്നത്.

facebooktwitterreddit