ന്യൂകാസിൽ യുണൈറ്റഡിനെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുത്തതിൽ എതിർപ്പുമായി പ്രീമിയർ ലീഗ് ക്ലബുകൾ

Sreejith N
FBL-ENG-PR-NEWCASTLE-BRITAIN-SAUDI-RIGHTS
FBL-ENG-PR-NEWCASTLE-BRITAIN-SAUDI-RIGHTS / OLI SCARFF/GettyImages
facebooktwitterreddit

ന്യൂകാസിൽ യുണൈറ്റഡിനെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുത്തതിൽ എതിർപ്പുമായി പ്രീമിയർ ലീഗ് ക്ലബുകൾ. ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം പ്രീമിയർ ലീഗിൽ ബാക്കിയുള്ള പത്തൊൻപതു ക്ലബുകൾക്കും വളരെ പെട്ടെന്നുള്ള ഈ ഏറ്റെടുക്കലിൽ കടുത്ത അതൃപ്‌തിയുണ്ട്. ഈ ഡീൽ എങ്ങിനെ സംഭവിച്ചുവെന്നതിൽ പ്രീമിയർ ലീഗ് നേതൃത്വം മറുപടി നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

പതിനാലു വർഷമായി മൈക്ക് ആഷ്‌ലിക്കാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്. ഇക്കാലയളവിൽ രണ്ടു തവണ തരം താഴ്ത്തപ്പെട്ട ക്ലബിന്റെ നേതൃത്വത്തിനെതിരെ ആരാധകർ കടുത്ത പ്രതിഷേധം തന്നെ ഉയർത്തിയിരുന്നു. 1990കളിൽ പ്രീമിയർ ലീഗിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ക്ലബ് പിന്നീട് അത്തരമൊരു നേട്ടത്തിലേക്ക് എത്താതിരുന്നതിന്റെ കാരണം നേതൃത്വത്തിന്റെ വീക്ഷണം ഇല്ലായ്‌മയാണെന്ന് ആരാധകർ കുറ്റപ്പെടുത്തി.

2018 മുതൽ ആഷ്‌ലിക്ക് ന്യൂകാസിൽ യുണൈറ്റഡിനെ വിൽക്കാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും 2020ലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യവുമായി ചർച്ചകൾ നടത്തുന്നത് സ്ഥിരീകരിക്കപ്പെടുന്നത്. എന്നാൽ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ബീയിൻ സ്പോർട്സിന്റെയും മറ്റു പ്രീമിയർ ലീഗ് ക്ലബുകളുടെയും എതിർപ്പ് മൂലം അതു മുന്നോട്ടു പോയിരുന്നില്ല.

ബീയിൻ സ്പോർട്സും സൗദി അറേബ്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ വന്ന് ഏതാനും ദിവസങ്ങളുടെ ഉള്ളിൽ തന്നെ സൗദി ന്യൂകാസിൽ യുണൈറ്റഡിനെ സ്വന്തമാക്കുകയായിരുന്നു. ഇത്ര പെട്ടന്നു നടന്ന ഈ ഏറ്റെടുക്കലിൽ വിശദീകരണം നൽകാൻ പ്രീമിയർ ലീഗ് നേതൃത്വം അടിയന്തര യോഗം വിളിക്കണം എന്നാണു ക്ലബുകൾ ആവശ്യപ്പെടുന്നത്.

ന്യൂകാസിൽ യുണൈറ്റഡിനെ സൗദി അറേബ്യ ഏറ്റെടുത്തത് പ്രീമിയർ ലീഗിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നും ചില ക്ലബുകൾ കരുതുന്നു. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ സൗദി അറേബ്യയുടെ ഏറ്റെടുക്കലിനെതിരെ ഉയർത്തിയ പ്രതിഷേധവും എതിർപ്പും അവർ ചൂണ്ടിക്കാട്ടുന്നു.

മറ്റു ക്ലബുകൾക്ക് എതിർപ്പുകളുണ്ടെങ്കിലും സൗദി തങ്ങളുടെ ക്ലബ്ബിനെ ഏറ്റെടുത്തതിൽ ന്യൂകാസിൽ ആരാധകർ വളരെയധികം സന്തോഷത്തിലാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ പ്രീമിയർ ലീഗിലെ തങ്ങളുടെ സുവർണ കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ക്ലബിനു കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.


facebooktwitterreddit