Football in Malayalam

സ്‌പാനിഷ്‌ ദേശീയ ടീമുമായി കരാർ പുതുക്കാത്തതിന്റെ കാരണം വ്യക്തമാക്കി പരിശീലകൻ ലൂയിസ് എൻറിക്വ

Sreejith N
Luis Enrique Reveals Reason Not To Extend Spain Contract
Luis Enrique Reveals Reason Not To Extend Spain Contract / Fran Santiago/GettyImages
facebooktwitterreddit

യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് സ്പെയിൻ ദേശീയ ടീം പരിശീലകനായ ലൂയിസ് എൻറിക്വയിൽ താൽപര്യമുണ്ടെന്നത് വളരെ വ്യക്തമായ കാര്യമാണ്. ഖത്തർ ലോകകപ്പോടെ സ്പെയിൻ ദേശീയ ടീമുമായുള്ള കരാർ അവസാനിക്കുന്ന അദ്ദേഹം അതു പുതുക്കാതിരിക്കുന്നത് ക്ലബ് ഫുട്ബോളിനെ ഉന്നം വെച്ചാണെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ അതിന്റെ യഥാർത്ഥ കാരണം കഴിഞ്ഞ ദിവസം എൻറിക്വ വ്യക്തമാക്കി.

2018ൽ സ്പെയിൻ ദേശീയ ടീം പരിശീലകനായി ലൂയിസ് എൻറിക്വ മകൾക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് 2019ൽ ദേശീയ ടീം പരിശീലകസ്ഥാനം ഒഴിവാക്കിയിരുന്നു. പിന്നീട് 2019 നവംബറിൽ വീണ്ടും ചുമതല ഏറ്റെടുത്ത അദ്ദേഹം ഖത്തർ ലോകകപ്പോടെ അവസാനിക്കുന്ന മൂന്നു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. ഇതുവരെയും അതു പുതുക്കാൻ അദ്ദേഹം തയ്യാറായിട്ടുമില്ല.

"ഞാൻ സ്വർഗ്ഗത്തിലാണുള്ളത്. ഞാൻ മാധ്യമങ്ങൾക്കു വേണ്ടിയാണ് കരാർ പുതുക്കാതിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞതിനു ശേഷം എനിക്ക് കരാർ ഉണ്ടാവുകയില്ല. ലോകകപ്പിൽ കാര്യങ്ങൾ വളരെ മോശമായാണ് സംഭവിക്കുന്നതെങ്കിൽ എന്നെ പുറത്താക്കുമോ എന്നു നിങ്ങൾക്ക് ചോദിക്കേണ്ടി വരില്ല." അൽബേനിയയുമായുള്ള സൗഹൃദമത്സരത്തിനു മുൻപ് എൻറിക്വ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌പാനിഷ്‌ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അതിനു ശേഷം എൻറിക്വ പറഞ്ഞു. രണ്ടു തവണ അവർ തന്നെ സൈൻ ചെയ്‌തത്‌ അതിന്റെ തെളിവാണെന്നും അതൊരിക്കലും മറക്കില്ലെന്നും മുഴുവൻ ആത്മാർത്ഥതയോടെ ടീമിനായി താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തകർന്നടിഞ്ഞു പോയ സ്പെയിൻ ടീം ലൂയിസ് എൻറിക്വ പരിശീലകൻ ആയതിനു ശേഷം ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ യൂറോ കപ്പിൽ സെമി ഫൈനൽ വരെയെത്തിയ ടീം അതിനു ശേഷം നടന്ന യുവേഫ നേഷൻസ് ലീഗിന്റെ ഫൈനൽ കളിക്കുകയും ചെയ്‌തു. യുവതാരങ്ങളെ കൂടുതൽ ആശ്രയിച്ചാണ് എൻറിക്വ ടീമിനെ മുന്നോട്ടു നയിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit