Football in Malayalam

സ്പെയിനിന്റെ വിജയത്തിൽ നിർണായക ഘടകമെന്തെന്നു വെളിപ്പെടുത്തി എൻറിക്വ, ബാഴ്‌സലോണ താരത്തിനു പ്രശംസ

Sreejith N
Italy  v Spain  -UEFA Nations league
Italy v Spain -UEFA Nations league / Soccrates Images/GettyImages
facebooktwitterreddit

ഇറ്റലിക്കെതിരായ യുവേഫ നാഷൻസ് ലീഗ് സെമി ഫൈനലിൽ സ്പെയിൻ വിജയം നേടാൻ നിർണായകമായത് ടീമിന്റെ സമർത്ഥമായ പ്രെസ്സിങ് ആയിരുന്നുവെന്ന് പരിശീലകൻ ലൂയിസ് എൻറിക്വ. ഏറെക്കുറെ പൂർണതയിലെത്തിയ മികച്ച പ്രകടനം സ്പെയിൻ മത്സരത്തിൽ നടത്തിയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ദേശീയ ടീമിനു വേണ്ടി റെക്കോർഡോടെ അരങ്ങേറ്റം കുറിച്ച ബാഴ്‌സലോണ താരം ഗാവിയെ പ്രശംസിക്കുകയും ചെയ്‌തു.

"ഇറ്റലി വളരെ കരുത്തുറ്റതും നേരിടാൻ ബുദ്ധിമുട്ടേറിയതുമായ എതിരാളികളാണ്. ഇന്റർനാഷണൽ ഫുട്ബോളിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ഇതെന്നു ഞാൻ കരുതുന്നു. ഞങ്ങൾക്ക് നന്നായി പ്രെസ്സ് ചെയ്യാനും, ഇറ്റലി കൂടുതൽ നിലവാരം കാണിക്കുന്ന ഭാഗങ്ങളെ തടഞ്ഞു നിർത്താനും സെക്കൻഡ് ലൈനിലുള്ള താരങ്ങളെ വെച്ച് കൂടുതൽ അപകടം സൃഷ്ടിക്കാനും കഴിഞ്ഞിരുന്നു. ഏറെക്കുറെ പൂർണമായ പ്രകടനമാണ് ടീം നടത്തിയത്." എൻറിക്വ റായ് സ്പോർട്സിനോട് പറഞ്ഞു.

ബാഴ്‌സലോണക്ക് വേണ്ടി നാല് സീനിയർ മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിൽ ഉൾപ്പെട്ടിട്ടുള്ള മധ്യനിര താരം ഗാവിയെ സീനിയർ ടീമിലുൾപ്പെടുത്തിയ എൻറിക്വയുടെ തീരുമാനത്തെ ശരി വെക്കുന്ന പ്രകടനമാണ് താരം നടത്തിയത്. സ്പെയിനു വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഗാവി യാതൊരു പരിഭ്രമവുമില്ലാതെ ഊർജ്ജസ്വലനായാണ് കളിക്കളത്തിൽ നിലകൊണ്ടത്. താരം സ്പെയിനിന്റെ ഭാവിയും വർത്തമാനവുമാണെന്നാണ് മത്സരത്തിനു ശേഷം എൻറിക്വ പറഞ്ഞത്.

"ലൈനുകൾക്കിടയിൽ കളിക്കാൻ കഴിയുന്ന ബാഴ്‌സലോണ താരം പന്തു നഷ്‌ടമാക്കില്ല എന്നു മാത്രമല്ല, കായികക്ഷമതയും മികച്ച ടെക്‌നിക്കുമുണ്ട്. താരം എന്താണ് കളിക്കളത്തിൽ നൽകുകയെന്ന കാര്യം ഞങ്ങൾക്കറിയാമായിരുന്നു; വ്യക്തിത്വവും, കളിക്കാനുള്ള സന്നദ്ധതയും ധൈര്യവും, പൂർണനായ താരമാണ് അദ്ദേഹം. ഗാവിക്ക് ടീമിന്റെ ഭാവിയാകാൻ കഴിയും, ഇപ്പോൾ തന്നെ ഇത്രയും ഉയർന്ന തലത്തിൽ കളിക്കാൻ കഴിയുമെന്നതു കൊണ്ട് ടീമിന്റെ വർത്തമാനകാലത്തിലും താരമുണ്ടാകും." എൻറിക്വ പറഞ്ഞു.

അതേസമയം രണ്ടു ഗോളടിച്ചതിനു ശേഷം സെക്കൻഡ് ഹാഫിൽ പരിക്കു മൂലം പിൻവലിക്കപ്പെട്ട ഫെറൻ ടോറസിന്റെ സാഹചര്യം ഗുരുതരമല്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് താരത്തെ പിൻവലിച്ചതെന്നും എൻറിക്വ പറഞ്ഞു. ഒക്ടോബർ പത്തിന് നടക്കുന്ന ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി താരം കളിക്കുമെന്നു തന്നെയാണ് പരിശീലകന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

facebooktwitterreddit