Top Stories

"എനിക്ക് ഫുട്ബോൾ ഒരുപാട് അറിയാം"- സ്‌പെയിനിന്റെ വിജയത്തിനു ശേഷം ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് എൻറിക്വ

Sreejith N
Luis Enrique Defended Spain Team Performence Against Switzerland
Luis Enrique Defended Spain Team Performence Against Switzerland / Quality Sport Images/GettyImages
facebooktwitterreddit

സ്വിറ്റ്‌സർലൻഡിനെതിരെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ വിജയം നേടിയതിനു ശേഷം ടീമിന്റെ പ്രകടനത്തെയും ടീം തിരഞ്ഞെടുപ്പിനെക്കുറിച്ചും പ്രതികരിച്ച് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ. നേഷൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും സമനില വഴങ്ങിയ സ്പെയിൻ ഇന്നലെ പാബ്ലോ സാറാബിയ നേടിയ ഒരേയൊരു ഗോളിലാണ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ 64 ശതമാനം സമയം സ്പെയിൻ പന്തു കൈവശം വെച്ചെങ്കിലും രണ്ടു ടീമുകളും ഉതിർത്ത ഷോട്ടുകളുടെ എണ്ണം തുല്യമായിരുന്നു. 2020നു ശേഷം ആകെ മൂന്നു മത്സരങ്ങളിൽ മാത്രം കളിക്കാൻ ഇറങ്ങിയിട്ടുള്ള ഡീഗോ ലോറന്റെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും സ്റ്റാർട്ട് ചെയ്‌തതടക്കം താരങ്ങളെ ഉപയോഗിക്കുന്ന കാര്യത്തിൽ എൻറിക്വ ചോദ്യങ്ങൾ നേരിടുകയും ചെയ്‌തു.

"എനിക്കു ഫുട്ബോൾ ഒരുപാടറിയാം, ലോറന്റെ വന്നത് താരം കൂട്ടത്തിൽ ഏറ്റവും മികച്ചവരിൽ ഒരാളായതു കൊണ്ടാണ്. താരവും പൗ ടോറസും സ്ഥിരമായി കളിച്ചിരുന്നു. അവർ സെർജിയോ ബുസ്‌ക്വറ്റ്‌സിനെ നിരവധി തവണ കണ്ടെത്തുകയും ചെയ്‌തു, അതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. അസെൻസിയോ ഞങ്ങൾക്ക് പലതും നൽകി, മൊറാട്ട നമ്പർ 9 ആയും അല്ലാതെയും മികച്ചു നിന്നു."

"അവർ സമ്മർദ്ദം ചെലുത്തുമ്പോൾ മൈതാനത്തിന്റെ ഒരു വശത്തേക്ക് ഞങ്ങളെ അവർ കൊണ്ടുപോയെന്നതും അതിനൊരു പരിഹാരം ഉണ്ടായിരുന്നില്ലെന്നതും ശരി തന്നെയാണ്. അതിനെ നല്ല രീതിയിൽ നേരിടുകയാണ് വേണ്ടതെങ്കിൽ പന്തടിച്ച് മുന്നേറ്റനിരയിൽ എത്തിക്കണം, ഞങ്ങളവരുടെ സമ്മർദ്ദത്തിൽ മാറ്റം വരുത്തിയിരുന്നു."

"അവിടെ മികച്ചു നിന്നിരുന്നെങ്കിലും അത് ഞങ്ങളുടെ ഐഡന്റിറ്റിയിൽ ഉള്ള കാര്യമല്ല. ഞങ്ങളുടെ ഐഡന്റിറ്റി പന്തുമായി കളിക്കുക എന്നതാണ്. ഞാൻ ഊന്നിപ്പറയുന്നു, ഈ മത്സരങ്ങളിൽ കളിക്കാൻ വ്യക്തിത്വം ഉണ്ടായിരിക്കണം." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് എൻറിക്വ പറഞ്ഞു.

പന്തിൽ ആധിപത്യം സ്ഥാപിക്കുമ്പോഴും കൂടുതൽ ഷോട്ടുകൾ വരുന്നില്ലെന്നത് സ്പെയിനിന്റെ മത്സരത്തിലെ പോരായ്‌മ തന്നെയാണ്. എന്നാൽ ലോകകപ്പ് കളിക്കുന്ന സ്വിസ്സ് ടീമിനെതിരെ ഇതു സ്വാഭാവികമാണെന്നും സ്വന്തം നാട്ടിൽ കളിക്കുന്ന സമയത്ത് അവർ കൂടുതൽ കരുത്തരായി മാറുന്നുണ്ടെന്നും ലൂയിസ് എൻറിക്വ വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit