Premier League

സാമൂഹ്യമാധ്യമങ്ങളിലെ അധിക്ഷേപത്തിനെതിരെ പ്രതിഷേധം, സോഷ്യൽ മീഡിയ ബഹിഷ്‌ക്കരിക്കാൻ ഇംഗ്ലീഷ് ഫുട്ബോൾ ഒരുങ്ങുന്നു

Sreejith N
The Club Badges of the So-Called Top Six in English Football
The Club Badges of the So-Called Top Six in English Football / Visionhaus/Getty Images
facebooktwitterreddit

സാമൂഹ്യ മാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഫുട്ബോൾ താരങ്ങൾക്കും ഫുട്ബോളുമായി ബന്ധപ്പെട്ടു നിൽക്കുന്നവർക്കുമെതിരെ നടക്കുന്ന വ്യക്തിഹത്യക്കും വംശീയവും അല്ലാതെയുമായ അധിക്ഷേപങ്ങളിലും പ്രതിഷേധമറിയിക്കാൻ അടുത്ത വാരാന്ത്യം സോഷ്യൽ മീഡിയ പൂർണമായും ബഹിഷ്കരിക്കാൻ ഇംഗ്ലീഷ് ഫുട്ബോൾ തീരുമാനമെടുത്തു. ഫുട്ബോൾ അസോസിയേഷൻ, പ്രീമിയർ ലീഗ്, ഇംഗ്ലീഷ് ഫുട്ബോൾ ലീഗ്, എഫ്എ വിമൻസ് ചാമ്പ്യൻഷിപ്പ്, പിഎഫ്എ, കിക്ക് ഇറ്റ് ഔട്ട് എന്നിവരാണ് സംയുക്ത പ്രസ്‌താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

സോഷ്യൽ മീഡിയ കമ്പനികൾ ഓൺലൈൻ വഴി താരങ്ങൾക്കും മറ്റ് ഒഫിഷ്യൽസിനുമെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെയും വംശീയമായ പരാമർശങ്ങൾക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്നും അവയെ തുടച്ചു നീക്കാനുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയ വഴി താരങ്ങൾക്കെതിരെ വിവിധ രീതിയിലുള്ള അധിക്ഷേപങ്ങൾ ശക്തമായതിനെ തുടർന്നാണ് ഇത്തരമൊരു പ്രതിഷേധത്തിന് ഇംഗ്ലീഷ് ഫുട്ബോൾ ഒരുങ്ങുന്നത്.

ഏപ്രിൽ 30 മുതൽ മെയ് 3 വരെയാണ് ഇംഗ്ലീഷ് ക്ലബുകളും ഇംഗ്ലീഷ് ഫുട്ബോളിലെ വിവിധ അസോസിയേഷനുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് ക്ലബായ സ്വാൻസീയാണ് സോഷ്യൽ മീഡിയ ബഹിഷ്‌കരണത്തിനു തുടക്കമിട്ടത്. ഒരാഴ്ചയോളം സ്വാൻസി ഫുട്ബോൾ ക്ലബ് സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിച്ചു. ഇതിനു പിന്തുണ നൽകി പ്രീമിയർ ലീഗ് ഇതിഹാസമായ തിയറി ഹെൻറിയും തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിച്ചിരുന്നു.

സോഷ്യൽ മീഡിയ കമ്പനികൾ കോപ്പി റൈറ്റ് വിഷയങ്ങൾക്കെതിരെ എടുക്കുന്ന കർശനമായ നിലപാടു പോലെ വംശീയമായ അധിക്ഷേപങ്ങൾക്കെതിരെയും അതെ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്. നേരത്തെ തന്നെ കളിക്കളത്തിലും പുറത്തുമുള്ള വംശീയമായ അധിക്ഷേപത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയിട്ടുള്ള ഫുട്ബോൾ താരങ്ങളും ഈ ക്യാമ്പയ്‌നിന്റെ ഭാഗമാകും എന്നാണു പ്രതീക്ഷിക്കുന്നത്.

facebooktwitterreddit