"അമ്പത്തിയഞ്ചു വർഷത്തിനിടയിൽ ഏറ്റവും വിജയമുണ്ടാക്കിയ പരിശീലകൻ"- സൗത്ത്ഗേറ്റിനെ പുറത്താക്കില്ലെന്ന് ഇംഗ്ലീഷ് എഫ്എ
By Sreejith N

ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾ ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നൽകിയത്. ആകെ നടന്ന നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോൽക്കുകയും രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്‌ത ഇംഗ്ലണ്ട് ഗ്രൂപ്പിൽ അവസാനസ്ഥാനക്കാരായതിനാൽ അടുത്ത റൗണ്ടിലേക്ക് ചേക്കേറാനുള്ള സാധ്യത വളരെ കുറവാണ്.
സ്വന്തം നാട്ടിൽ വെച്ചു നടന്ന യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോൽവി നേരിട്ടതിനു ശേഷം ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ് നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. അതിനു പിന്നാലെയാണ് യുവേഫ നേഷൻസ് ലീഗിൽ ഹംഗറിയോട് 94 വർഷത്തിനിടയിൽ സ്വന്തം മൈതാനത്ത് ഏറ്റവും വലിയ പരാജയം ഇംഗ്ലണ്ട് വഴങ്ങിയത്. എന്നാൽ ഈ മോശം ഫലങ്ങളിലും സൗത്ത്ഗേറ്റിൽ തങ്ങൾക്കു വിശ്വാസമുണ്ടെന്നാണ് ഇംഗ്ലീഷ് എഫ്എ പറയുന്നത്.
"മൈതാനത്തെ വസ്‌തുതകൾ അടിസ്ഥാനമാക്കി നോക്കുമ്പോൾ കഴിഞ്ഞ അമ്പത്തിയഞ്ചു വർഷത്തിനിടെ ഞങ്ങൾക്കു ലഭിച്ച ഏറ്റവും വിജയിയായ ഇംഗ്ലണ്ട് പരിശീലകൻ അദ്ദേഹമാണ്. എന്നാൽ അയാൾ ഉണ്ടാക്കിയെടുത്ത രീതികൾ ചിലർ കാണുന്നില്ല. ഗാരെത്തിനു മുൻപ് ഇംഗ്ലണ്ടിന്റെ ജേഴ്‌സി അണിയുന്നതിൽ അഭിമാനം ഉണ്ടായിരുന്നില്ല. കളിക്കാർ മടിച്ചു നിൽക്കുന്ന തരത്തിൽ ക്ലബ് വൈരിയുമുണ്ടായിരുന്നു."
"അതെല്ലാം അദ്ദേഹം മാറ്റിയെടുത്തു, ഞാനത് കണ്ടു. ഞാൻ ബിസിനെസിൽ ജോലി ചെയ്‌തിരുന്നയാളാണ്. സൗത്ത്ഗേറ്റിന്റെ കഴിവുകളും ഉയർന്ന ബുദ്ധിശക്തിയും ഏതൊരു കാര്യത്തിലും പ്രധാനിയായി അദ്ദേഹത്തെ മാറ്റും. സഹിഷ്‌ണുത, ഉത്തരവാദിത്വം, തളരാത്ത ചുമലുകൾ ഇതെല്ലാമാണ് ഒരു ഇംഗ്ലണ്ട് പരിശീലകനിൽ നിങ്ങൾ ആഗ്രഹിക്കുന്നത്." ഇംഗ്ലീഷ് എഫ്എ മേധാവി ഡെബി ഹെവിറ്റ് പറഞ്ഞു.
യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് മോശം പ്രകടനമാണ് കാഴ്‌ച വെച്ചതെങ്കിലും കഴിഞ്ഞ രണ്ടു പ്രധാന ടൂർണമെന്റുകളിലും സൗത്ത്‌ഗേറ്റിനു കീഴിൽ ടീം പ്രതീക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനൽ വരെയെത്തിയ ഇംഗ്ലണ്ട് അതിനു ശേഷം യൂറോ കപ്പ് ഫൈനലിലും എത്തിയിരുന്നു. ലോകകപ്പിലും ഇതാവർത്തിക്കാൻഇംഗ്ലണ്ടിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.