Football in Malayalam

"നിങ്ങൾ ആരാധകരല്ല, നിങ്ങളെ ഞങ്ങൾക്ക് ആവശ്യമില്ല"- വംശീയാധിക്ഷേപം നടത്തുന്നവരെ തള്ളിക്കളഞ്ഞ് ഇംഗ്ലണ്ട് താരങ്ങൾ

Sreejith N
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / Laurence Griffiths/Getty Images
facebooktwitterreddit

ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനൽ മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്റെ പേരിൽ റാഷ്‌ഫോഡ്, സാഞ്ചോ, സാക്ക എന്നിങ്ങനെ ഇംഗ്ലണ്ടിന്റെ മൂന്നു കളിക്കാർക്കെതിരെ കടുത്ത വംശീയാധിക്ഷേപം നടത്തിയ ആരാധകരെ തള്ളിക്കളഞ്ഞ് ഹാരി കേൻ അടക്കമുള്ള ഇംഗ്ലണ്ട് താരങ്ങൾ. നിങ്ങൾ ആരാധകരല്ലെന്നും നിങ്ങളെ ആവശ്യമില്ലെന്നുമാണ് ഇംഗ്ലണ്ട് നായകൻ ട്വിറ്ററിൽ കുറിച്ചത്.

മത്സരത്തിന്റെ ഷൂട്ടൗട്ടിൽ അഞ്ചിൽ മൂന്നു കിക്കുകൾ ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയതിനു പിന്നാലെയാണ് താരങ്ങൾ സോഷ്യൽ മീഡിയകളിൽ വംശീയാധിക്ഷേപത്തിന് ഇരയായത്. ഇതിനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ കഴിഞ്ഞ ദിവസം തന്നെ രംഗത്തു വന്നതിനു പിന്നാലെയാണ് ടീമിലെ പ്രധാന താരങ്ങളും ആരാധകർക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ടൂർണ്ണമെന്റിലുടനീളം മികച്ചു നിന്ന ഈ താരങ്ങൾ നിർണായക നിമിഷത്തിലും, കടുത്ത സമ്മർദ്ദത്തിലും പെനാൽറ്റിയെടുക്കാൻ തയ്യാറായതു വലിയ കാര്യമാണെന്നു പറഞ്ഞ കേൻ അവർക്ക് അർഹിച്ച പിന്തുണ നൽകുന്നതിന് പകരം വംശീയമായി അധിക്ഷേപിക്കുന്നത് മാന്യതയല്ലെന്നു വ്യക്തമാക്കി. അത്തരക്കാർ ഇംഗ്ലണ്ടിന്റെ ആരാധകരല്ലെന്നും അവരെ ഞങ്ങൾക്ക് ആവശ്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

കേനിന് പുറമെ ജൂഡ് ബെല്ലിങ്ങ്ഹാം, റീസ് ജെയിംസ്, ടൈലർ മിങ്‌സ് എന്നിവരും വംശീയാധിക്ഷേപത്തെ അപലപിച്ച് രംഗത്തെത്തി. ഞങ്ങളുടെ തോൽവിയിലൂടെയാണ് സമൂഹത്തിന്റെ സ്വഭാവം മനസിലാക്കാൻ കൂടുതൽ മനസിലാക്കാൻ കഴിയുകയെന്ന് റീസ് ജെയിംസ് പറഞ്ഞപ്പോൾ വംശീയതക്ക് ഇരയാക്കപ്പെട്ട താരങ്ങൾക്ക് തന്റെ പിന്തുണ ബെല്ലിങ്‌ഹാമും അറിയിച്ചു.

അതേസമയം വളരെ ശക്തമായ ഭാഷയിലാണ് മാർക്കസ് റാഷ്‌ഫോഡ് താനടക്കമുള്ള താരങ്ങൾക്കെതിരെ ഉയർന്ന വംശീയാധിക്ഷേപത്തിനെതിരെ പ്രതികരിച്ചത്. പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്റെയും മോശം പ്രകടനത്തിന്റെയും പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങാൻ തയാറാണെന്നു പറഞ്ഞ താരം ആരാധകരോട് ക്ഷമാപണം നടത്തുകയുണ്ടായി. എന്നാൽ തന്റെ നിറത്തിന്റെയും താൻ എവിടെ നിന്നും വരുന്നു എന്നതിന്റെയും പേരിൽ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നു പറഞ്ഞ രാഷ്‌ഫോഡ് ഇതിനേക്കാൾ ശക്തമായി തിരിച്ചു വരുമെന്നും വ്യക്തമാക്കി.

facebooktwitterreddit