Football in Malayalam

ഇംഗ്ലണ്ട് സൂപ്പർ താരം യൂറോ കപ്പിന്റെ നോക്കൗട്ടിൽ കളിച്ചത് പൊട്ടിയ വാരിയെല്ലുമായി; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

Gokul Manthara
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / Visionhaus/Getty Images
facebooktwitterreddit

ഇംഗ്ലണ്ട് ഫൈനലിലെത്തിയ ഈ വർഷത്തെ യൂറോ കപ്പിൽ ഉജ്ജ്വല പ്രകടനമായിരുന്നു അവരുടെ ലെഫ്റ്റ് ബാക്ക് താരമായ ലൂക്ക് ഷാ പുറത്തെടുത്തത്. പ്രത്യേകിച്ചും നോക്കൗട്ട് ഘട്ടത്തിൽ ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഷാ, ജെർമ്മനിക്കെതിരായ പ്രീക്വാർട്ടറിലും, ഉക്രൈനെതിരായ ക്വാർട്ടറിലും, ഒപ്പം സെമി, ഫൈനൽ മത്സരങ്ങളിലും മികച്ചു നിന്നു‌. ഇറ്റലിക്കെതിരായ ഫൈനലിൽ ഇംഗ്ലണ്ടിനായി അദ്ദേഹം വലയും കുലുക്കിയിരുന്നു.

ഇപ്പോളിതാ ലൂക്ക് ഷാ, യൂറോ 2020 ന്റെ നോക്കൗട്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിനായി കളിച്ചത് വാരിയെല്ലിലെ പൊട്ടലും വെച്ചു കൊണ്ടാണെന്ന വിവരം പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി ടെലിഗ്രാഫ്. ഇംഗ്ലീഷ് ആരാധകരേയും, ലൂക്ക് ഷായുടെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനേയും ശരിക്കും ഞെട്ടിക്കുന്ന വാർത്തയാണിത്‌‌‌.

പരിക്കിന്റെ വേദനയും വെച്ച് കൊണ്ട് യൂറോ കപ്പിൽ ഷാ കളിച്ചത് ഒരു പറ്റം ആരാധകർക്കിടയിൽ അദ്ദേഹത്തിന് ഹീറോ പരിവേഷം നൽകുന്നുണ്ടെങ്കിലും, താരത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുമതലക്കാർക്ക് ഈ വാർത്ത ഒട്ടും രസം പകരുന്നില്ല. പരിക്കിൽ ചികിത്സ തേടാതെ യൂറോ കപ്പ് പൂർത്തിയാക്കിയ ഷാ ടൂർണമെന്റ് അവസാനിച്ചതിന് പിന്നാലെ അവധിക്കാലം ചിലവഴിക്കാൻ പോയതും ക്ലബ്ബിനെ അലോസരപ്പെടുത്തുന്നുണ്ട്.

അവധിക്കാലം ചിലവഴിക്കാൻ പോയ ലൂക്ക് ഷാ എത്രയും വേഗം മടങ്ങിയെത്തണമെന്നും, പരിക്കിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ ഉടൻ തന്നെ സ്കാനിംഗിന് വിധേയനാകണമെന്നും ക്ലബ്ബിന്റെ പരിശീലകനായ ഒലെ ഗണ്ണർ സോൾഷ്യർ ആഗ്രഹിക്കുന്നതായാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്‌. പരിക്കിനെത്തുടർന്ന് പ്രീസീസൺ നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞ ലൂക്ക് ഷായ്ക്ക്, 2021-22 സീസൺ പ്രീമിയർ ലീഗിന്റെ തുടക്ക മത്സരവും നഷ്ടമാകാനുള്ള സാധ്യതകൾ വളരെയധികമാണെന്നാണ് സൂചനകൾ. എന്തായാലും ലൂക്ക് ഷാക്ക് പരിക്കിനെത്തുടർന്ന് സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമായാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

facebooktwitterreddit