Football in Malayalam

ഇറ്റലി ആരാധകരെയും കറുത്ത വർഗക്കാരെയും ആക്രമിച്ച് ഇംഗ്ലണ്ട് ഫാൻസ്‌, പെനാൽറ്റി തുലച്ച താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം

Sreejith N
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / Laurence Griffiths/Getty Images
facebooktwitterreddit

സമഭാവനയുടെയും സമത്വത്തിന്റെയും സന്ദേശങ്ങൾ മനുഷ്യരിലേക്ക് പടർത്താൻ സഹായിക്കുന്ന മത്സരമാണ് ഫുട്ബോളെങ്കിൽ അതിന്റെ ആരാധകർ എങ്ങിനെയായിരിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറുകയാണ് ഇംഗ്ലണ്ട് ഫാൻസ്‌. ഇന്നലെ യൂറോ കപ്പ് ഫൈനൽ മത്സരത്തിൽ ഇറ്റലിയോട് തോൽവി വഴങ്ങിയതിനു ശേഷം അവർ അഴിച്ചു വിട്ട ആക്രമണങ്ങളും അധിക്ഷേപങ്ങളും ഫുട്ബോൾ ലോകത്തിനു അത്രയധികം നാണക്കേടുണ്ടാക്കുന്നതാണ്.

മത്സരത്തിൽ തോറ്റതിനു പിന്നാലെ സ്വന്തം ടീമിലെ താരങ്ങൾക്കെതിരെ തന്നെ കടുത്ത വംശീയാധിക്ഷേപമാണ് ഇംഗ്ലണ്ട് ആരാധകർ ഉയർത്തിയത്. ഇംഗ്ലണ്ടിന്റെ പെനാൽറ്റി നഷ്ടപ്പെടുത്തിയ റാഷ്‌ഫോർഡ്, ജാഡൻ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു ഇതിന്റെ ഇരകൾ. സോഷ്യൽ മീഡിയകളിൽ അധിക്ഷേപം കടുത്തതോടെ ഇംഗ്ലീഷ് എഫ്എ ഇതിനെ അപലപിച്ച് രംഗത്തു വരികയും ചെയ്‌തിരുന്നു.

ഇത്തരം മോശമായ പെരുമാറ്റം ആരാധകരിൽ നിന്നും ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും താരങ്ങൾക്ക് ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകുന്നതിനോടൊപ്പം വംശീയാധിക്ഷേപം നടത്തുന്ന ആരാധകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഇംഗ്ലീഷ് എഫ്എ വ്യക്തമാക്കി. വംശീയത, വേർതിരിവ് എന്നിവ തടയാനുള്ള ശ്രമങ്ങൾ തുടരുമെന്നും സോഷ്യൽ മീഡിയ കമ്പനികളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇംഗ്ലീഷ് എഫ്എ പ്രസ്‌താവനയിൽ പറഞ്ഞു.

സ്വന്തം ടീമിലെ താരങ്ങൾക്കെതിരെ മാത്രമല്ല, മത്സരം കാണാനെത്തിയ ഇറ്റാലിയൻ ആരാധകർക്കെതിരെയും ഇംഗ്ലണ്ട് ഫാൻസ്‌ ആക്രമണം അഴിച്ചു വിട്ടു. ഫൈനലിനു ശേഷം സ്റ്റേഡിയത്തിന്റെ ഗേറ്റ് വഴി പുറത്തേക്കു വരുന്ന ഇറ്റലിയുടെ ആരാധകർ ഓരോരുത്തരെയായി ഇംഗ്ലണ്ട് ആരാധകർ കാത്തിരുന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇറ്റാലിയൻ ആരാധകർക്ക് പുറമെ കറുത്ത വർഗക്കാരായ ആളുകളെയും ഇംഗ്ലണ്ട് ആരാധകർ ആക്രമിക്കുന്നുണ്ട്.

1966നു ശേഷം ഒരു കിരീടം സ്വന്തമാക്കുന്നതിന്റെ ഏറ്റവും അരികിലെത്തി, മത്സരത്തിന്റെ പകുതിയിലധികം സമയം മുന്നിൽ നിന്നിട്ടും ദൗർഭാഗ്യം ഒരിക്കൽ കൂടി ഇംഗ്ലണ്ടിന് വിലങ്ങു തടിയായപ്പോൾ ആരാധകർക്കുണ്ടാകുന്ന വേദന വളരെയധികമായിരിക്കും. എന്നാൽ അതിന്റെ പേരിൽ എതിരാളികളെ കായികമായും വംശീയമായും അധിക്ഷേപിക്കുന്ന ഇംഗ്ലണ്ട് ആരാധകർക്കെതിരെ കടുത്ത വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.

facebooktwitterreddit