Football in Malayalam

സ്റ്റെർലിംഗും കേനും വല കുലുക്കി, ജർമനിയെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ക്വാർട്ടറിലേക്ക്

Sreejith N
England v Germany - UEFA Euro 2020: Round of 16
England v Germany - UEFA Euro 2020: Round of 16 / Robbie Jay Barratt - AMA/Getty Images
facebooktwitterreddit

യൂറോ കപ്പ് പ്രീ ക്വാർട്ടറിലെ വമ്പന്മാരുടെ പോരാട്ടത്തിൽ ജർമനിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇരുടീമുകളും ശ്രദ്ധാപൂർവം കളിച്ച മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു എങ്കിലും രണ്ടാം പകുതിയിൽ റഹീം സ്റ്റെർലിംഗും ഹാരി കേനുമാണ് ഇംഗ്ലണ്ടിന്റെ വിജയഗോളുകൾ നേടിയത്. അതേസമയം മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യവും ഇംഗ്ലീഷ് ഗോൾകീപ്പർ പിക്‌ഫോഡിന്റെ മികവും ജർമനിക്ക് തിരിച്ചടി നൽകുകയായിരുന്നു.

ഇരുടീമുകളും പരസ്‌പരബഹുമാനത്തോടെ വളരെ ശ്രദ്ധാപൂർവമാണ് ആദ്യപകുതിയിൽ കളിച്ചത്. മുന്നേറ്റങ്ങൾ മെനഞ്ഞെടുക്കുന്നതിനു പകരം എതിരാളിയുടെ പിഴവുകൾക്കു വേണ്ടി കാത്തിരുന്ന് ആക്രമിക്കുന്ന രീതിയായിരുന്നു രണ്ടു ടീമുകളുടെയും. ആദ്യം ജർമനിയാണ് അവസരങ്ങൾ മെനഞ്ഞെടുത്തതെങ്കിലും പിന്നീട് കളിയുടെ നിയന്ത്രണം ഇംഗ്ലണ്ട് ഏറ്റെടുത്തു. എങ്കിലും ആദ്യ പകുതിൽ രണ്ടു ടീമുകൾക്കും തുല്യമായ ആധിപത്യമാണ് മത്സരത്തിൽ ഉണ്ടായിരുന്നത്.

രണ്ടു ടീമുകൾക്കും ആദ്യപകുതിയിൽ മുന്നിലെത്താൻ മികച്ച അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഗോൾകീപ്പർമാരുടെയും പ്രതിരോധനിര താരങ്ങളുടെയും ഇടപെടൽ അതിനു തടയിട്ടു. ജർമനി സൃഷ്‌ടിച്ച ഏറ്റവും മികച്ച അവസരത്തിൽ വെർണർ ഉതിർത്ത ഷോട്ട് പിക്‌ഫോഡ് തടഞ്ഞിട്ടപ്പോൾ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് കേനിലൂടെ ഇംഗ്ലണ്ടിന് ലഭിച്ച സുവർണാവസരം ഹമ്മൽസിന്റെ മനോഹരമായ ടാക്ലിങ്ങിലൂടെയാണ് നഷ്ടമായത്.

ജർമനിയുടെ മുന്നേറ്റത്തിലൂടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. ഹാവെർട്സിന്റെ ഒരു ബുള്ളറ്റ് ഷോട്ട് മനോഹരമായാണ് ജോർദാൻ പിക്‌ഫോർഡ് രക്ഷപ്പെടുത്തിയത്. അതിനു പിന്നാലെ വെർണർക്കും ഒരു മികച്ച അവസരം ലഭിച്ചെങ്കിലും ജോൺ സ്റ്റോൺസ് രക്ഷകനായി. എഴുപത്തിയാറാം മിനുട്ടിലാണ് മത്സരത്തിന്റെ ഗതിമാറ്റി ഇംഗ്ലണ്ടിന്റെ ഗോൾ വരുന്നത്. ലുക്ക് ഷാ നൽകിയ പാസിൽ നിന്നും സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിന് വേണ്ടി വല കുലുക്കിയത്. ടൂർണമെന്റിൽ ഇംഗ്ലണ്ട് അതുവരെ നേടിയ മൂന്നു ഗോളും താരത്തിന്റെ വകയായിരുന്നു.

സമനില ഗോളിന് വേണ്ടി ശ്രമിച്ച ജർമനിക്ക് മുള്ളറിലൂടെ മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ബയേൺ മ്യൂണിക്ക് താരം അതു പുറത്തേക്കടിച്ചു കളയുകയായിരുന്നു. ഇതിനു പിന്നാലെ പകരക്കാരനായിറങ്ങിയ ജാക്ക് ഗ്രീലിഷ് നൽകിയ എൺപത്തിയെട്ടാം മിനുട്ടിൽ നൽകിയ ക്രോസിൽ നിന്നും ഒരു ഹെഡറിലൂടെ ഹാരി കേനും വലകുലുക്കിയതോടെ ഇംഗ്ലണ്ട് വിജയവും ക്വാർട്ടർ ഫൈനൽ ബർത്തും ഉറപ്പിച്ചു.

facebooktwitterreddit