'പുഷ്പ', ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ബിഗ് ബ്രോ; തരംഗമായി സിപോവിച്ചിന്റെ ഗോൾ ആഘോഷം

എന്തുകൊണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബിഗ് ബ്രോയായ താരമാണ് പ്രതിരോധതാരം എനെസ് സിപോവിച്ച്. ഉയരം കൊണ്ടും അനുഭവ സമ്പത്ത്‌കൊണ്ടും ബ്ലാസ്റ്റേഴ്‌സ് നിരയിലെ ബിഗ് ബ്രോയായ സിപോവിച്ചിന്റെ 49ാം മിനുട്ടിലെ ഗോളിലായിരുന്നു മഞ്ഞപ്പട ഇന്ന് നടന്ന മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിന് എതിരെ വിജയം സ്വന്തമാക്കിയത്. ഗോള്‍ നേടിയ ശേഷമുള്ള സിപോവിച്ചിന്റെ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.
പുഷ്പ സിനിമയിലെ അല്ലു അര്‍ജുന്റെ പുഷ്പ എന്ന ഡയലോഗ് പുനരാവിഷ്‌കരിച്ചായിരുന്നു സിപോവിച്ചിന്റെ ആഘോഷം. താരം ഇതാദ്യമായല്ല പുഷ്പ എന്ന ഡയലോഗ് പരീക്ഷിക്കുന്നത്. സിപോവിച്ചിന്റെ ഇന്‍സ്റ്റഗ്രാമിലൂടെ താരം നേരത്തെയും പുഷ്പ എന്ന ഡയലോഗ് പറഞ്ഞ് ജനശ്രദ്ധയാകര്‍ശിച്ചിരുന്നു.
2009 മുതല്‍ ഫുട്‌ബോള്‍ മൈതാനത്ത് സജീവമായ സിപോവിച്ച് കരിയറില്‍ 11ാം ക്ലബിന് വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്. 2020-21 സീസണില്‍ ചെന്നൈയിന്‍ എഫ്.സിക്ക് വേണ്ടി പന്തു തട്ടിയിരുന്ന താരം ഈ സീസണിലായിരുന്നു മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ പ്രധാന താരമായത്.
ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പത്ത് മത്സരങ്ങളിലാണ് സിപോവിച്ച് ഈ സീസണിലിതു വരെ ബൂട്ടണിഞ്ഞിട്ടുള്ളത്. പരുക്കിന്റെ പിടിയിലായിരുന്നു സിപോവിച്ച് അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.