ഭാവിയെക്കുറിച്ച് തീരുമാനമെടുക്കും മുൻപ് എംബാപ്പയുമായി സംസാരിച്ചിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
By Sreejith N

പിഎസ്‌ജി സൂപ്പർതാരം കിലിയൻ എംബാപ്പെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കുന്നതിനു മുൻപ് താരവുമായി സംഭാഷണം നടത്തിയിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. വളരെ അനൗദ്യോഗികമായി രീതിയിൽ ഫ്രാൻസിൽ തന്നെ തുടരാനുള്ള നിർദ്ദേശമാണ് താൻ എംബാപ്പെക്ക് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎസ്‌ജി കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ വളരെ ശക്തമായിരുന്നെങ്കിലും പിഎസ്‌ജിയുമായി കരാർ പുതുക്കുക എന്ന തീരുമാനമാണ് താരം എടുത്തത്. 2025 വരെ കരാർ പുതുക്കിയ താരത്തിന് ഫ്രാൻസിൽ തുടരാൻ രാഷ്ട്രീയപരമായ സമ്മർദ്ദങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഇമ്മാനുവൽ മാക്രോണിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
"തന്റെ ഭാവിയെക്കുറിച്ച് കൃത്യമായൊരു തീരുമാനം എംബാപ്പെ എടുക്കുന്നതിനു മുൻപ് താരവുമായി ഞാൻ സംസാരിച്ചിരുന്നു എന്നത് സത്യം തന്നെയാണ്. താരത്തിന് വളരെ അനൗദ്യോഗികമായ രീതിയിൽ ഫ്രാൻസിൽ തുടരാനുള്ള ഉപദേശമാണ് ഞാൻ നൽകിയത്."
"ഒരു പ്രസിഡന്റ് എന്ന നിലയിൽ സ്വന്തം രാജ്യത്തിനു വേണ്ടി അനൗദ്യോഗികമായും സൗഹാർദ്ദപരമായും ഒരു കാര്യം ആവശ്യപ്പെടുകയെന്നത് എന്റെ ഉത്തരവാദിത്വമാണെന്നാണ് ഞാൻ കരുതുന്നത്." മാക്രോൺ പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.
അതേസമയം ട്രാൻസ്‌ഫറിൽ താൻ യാതൊരു വിധത്തിലുള്ള ഇടപെടലും നടത്തിയില്ലെന്ന് മാക്രോൺ വ്യക്തമാക്കി. സ്പോർട്ടിങ് സംബന്ധമായ കാര്യങ്ങൾ താനും വളരെ ആസ്വദിക്കാറുണ്ടെന്നും പിന്തുണക്കുന്ന ടീം മാഴ്‌സയാണെന്നും മാക്രോൺ വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.