'എനിക്ക് ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറാവണം' - എമിലിയാനോ മാർട്ടിനസ്

തനിക്ക് ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറാവണമെന്ന് അർജന്റീന താരം എമിലിയാനോ മാർട്ടിനസ്. അർജന്റീന ദേശിയ ടീമിന്റെ ഗോൾവലക്ക് കീഴിലെ സ്ഥിരസാന്നിധ്യമാണ് 29 വയസുകാരനായ മാർട്ടിനസ് ഇപ്പോൾ.
"ദേശീയ ടീമിനൊപ്പം വിജയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കൂട്ടുകാർക്കൊപ്പം കാപ്പി കുടിക്കാൻ പോലും ഞാൻ പോകാറില്ല. ഞാൻ എന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ്. എനിക്ക് ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറാകണം," ഡോബ്ലെ അമാറില്ലയോട് മാർട്ടിനസ് പറഞ്ഞതായി മുണ്ടോ ആൽബിസിലെസ്റ്റെ റിപ്പോർട്ട് ചെയ്‌തു.
അർജന്റീന കിരീടം സ്വന്തമാക്കിയ 2021 കോപ്പ അമേരിക്കയിൽ ദേശിയ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത മാർട്ടിനസ്, ഇറ്റലിക്കെതിരെ അർജന്റീന വിജയം കരസ്ഥമാക്കിയ ഫൈനലിസിമ പോരാട്ടത്തിലും പങ്കാളിയായിരുന്നു. ക്ലബ് തലത്തിൽ ആസ്റ്റൺ വില്ലക്ക് വേണ്ടിയും മികച്ച പ്രകടനമാണ് മാർട്ടിനസ് പുറത്തെടുക്കുന്നത്.
അതേ സമയം, അവസാനമായി കളിച്ച 33 മത്സരങ്ങളിലും അപരാജിതരായ, നിലവിൽ മികച്ച ഫോമിലുള്ള അർജന്റീന ഈ വർഷം ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിൽ കിരീടം സ്വന്തമാക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ്.