പെനാൽറ്റിയെടുക്കാൻ റൊണാൾഡോയെ വെല്ലുവിളിച്ച് മാർട്ടിനസ്; പ്രീമിയർ ലീഗ് മത്സരത്തിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

തങ്ങൾക്കെതിരെ ഇന്ന് നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയെടുക്കാൻ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെല്ലുവിളിച്ച് ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് അവർക്ക് ലഭിച്ച പെനാൽറ്റിയെടുക്കാനായിരുന്നു റൊണാൾഡോയെ പല തവണ മാർട്ടിനസ് ക്ഷണിച്ചത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരം ബ്രൂണോ ഫെർണാണ്ടസിനായിരുന്നു ആ കിക്കെടുക്കാനുള്ള ചുമതല യുണൈറ്റഡ് നൽകിയത്.
മത്സരം അവസാനിക്കാൻ ഏതാനും മിനുറ്റുകൾ മാത്രം ബാക്കി നിൽക്കുമ്പോളായിരുന്നു നാടകീയ സംഭവങ്ങൾ ഓൾഡ് ട്രാഫോഡിൽ അരങ്ങേറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൽറ്റി ലഭിച്ചതിന് പിന്നാലെ കിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് താരങ്ങൾ ചർച്ച നടത്തുന്നതിനിടെ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അങ്ങോട്ടേക്ക് ചെല്ലുകയും റൊണാൾഡോയോട് കിക്കെടുക്കാൻ വരാൻ പറയുകയുമായിരുന്നു. റോണോയുടെ നേരെ നോക്കി മാർട്ടിനസ് സംസാരിക്കുന്നതിനിടെ യുണൈറ്റഡ് താരങ്ങളായ ഡിയൊഗോ ഡാലറ്റ്, ഫ്രെഡ് എന്നിവർ മാർട്ടിനസിനെ പിന്നോട്ട് ഒഴിവാക്കി വിടാൻ ശ്രമിച്ചു. പിന്നാലെ കവാനി ചെന്ന് താരത്തെ പോസ്റ്റിലേക്ക് മടക്കി അയക്കുകയായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി എടുക്കുമെന്ന് ഒരുനിമിഷം ആരാധകർ കരുതിയെങ്കിലും തങ്ങളുടെ വിശ്വസ്ത പെനാൽറ്റി ടേക്കറായ ബ്രൂണോ ഫെർണാണ്ടസിനെയായിരുന്നു യുണൈറ്റഡ് ഈ ദൗത്യം ഏൽപ്പിച്ചത്. എന്നാൽ പെനാൽറ്റിക്കാര്യത്തിൽ മികച്ച റെക്കോർഡുള്ള ബ്രൂണോക്ക് ഇക്കുറി പിഴച്ചു. താരത്തിന്റെ ഷോട്ട് പുറത്തേക്ക് പാഞ്ഞു. ഇതോടെ മത്സരത്തിൽ സമനില നേടാനുള്ള സുവർണാവസരമാണ് റെഡ് ഡെവിൾസിന് കൈമോശം വന്നത്.
ബ്രൂണോ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ കോർട്നി ഹൗസ് നേടിയ ഏകഗോളിലാണ് ആസ്റ്റൺവില്ല, യുണൈറ്റഡിനെ വീഴ്ത്തിയത്. മത്സരത്തിന്റെ എൺപത്തിയെട്ടാം മിനുറ്റിലായിരുന്നു വില്ലയുടെ വിജയ ഗോൾ പിറന്നത്. വിജയമോ സമനിലയോ നേടിയിരുന്നെങ്കിൽ ലീഗിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ കഴിയുമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ 6 മത്സരങ്ങളിൽ 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.