Football in Malayalam

'എന്നോട് പെരുമാറിയ രീതി വെച്ച് ആഴ്സനൽ തന്നെ അർഹിക്കുന്നില്ല'; മുൻ ക്ലബ്ബിനെതിരെ തുറന്നടിച്ച് എമിലിയാനോ മാർട്ടിനസ്

Aston Villa v Wolverhampton Wanderers - Premier League
Aston Villa v Wolverhampton Wanderers - Premier League / Matthew Ashton - AMA/GettyImages
facebooktwitterreddit

ഏറ്റവും മികച്ച ഫോമിൽ നിന്നിരുന്ന സമയത്ത് പോലും തന്നോട് ആഴ്സനൽ പെരുമാറിയ രീതി മോശമായിരുന്നുവെന്നും അതിനാൽ അവർ തന്നെ അർഹിച്ചിരുന്നില്ലെന്ന് തനിക്ക് ഇപ്പോളും തോന്നുന്നുണ്ടെന്നും സ്റ്റാർ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. പ്രീമിയർ ലീഗിൽ തന്റെ മുൻ ക്ലബ്ബായ ആഴ്സനലിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ആസ്റ്റൺ വില്ല താരമായ എമി മാർട്ടിനസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2012 മുതൽ 2020 വരെ ആഴ്സനലിന്റെ താരമായിരുന്നെങ്കിലും വെറും 38 മത്സരങ്ങൾ മാത്രമായിരുന്നു എമിക്ക് ആഴ്സനലിൽ കളിക്കാനായത്. ഒരിക്കൽപ്പോലും ക്ലബ്ബ് തങ്ങളുടെ പ്രധാന ഗോൾകീപ്പറായി എമിയെ പരിഗണിച്ചിരുന്നുമില്ല. 2019-20 സീസണിന്റെ അവസാനം ഗണ്ണേഴ്സിന്റെ എഫ് എ കപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചെങ്കിലും, ലെനോ പൂർണ ഫിറ്റ്നസിലേക്കെത്തിയതോടെ എമിക്ക് വീണ്ടും സ്റ്റാർട്ടിംഗ് ഇലവനിലെ സ്ഥാനം നഷ്ടമായി. ഇതോടെയാണ് എമി ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറുന്നതും പിന്നീട് പ്രീമിയർ ലീഗിലെ മികച്ച ഗോൾകീപ്പർമാരിലൊരാളായി മാറിയതും.

"ഞാൻ ഫോമിന്റെ ഉന്നതിയിൽ ആയിരുന്നപ്പോൾ അവർ (ആഴ്സനൽ) എന്നോട് പെരുമാറിയിരുന്ന രീതി കാരണം അവർ എന്നെ അർഹിച്ചിരുന്നില്ലെന്ന് എനിക്ക് ഇപ്പോളും തോന്നുന്നു. എനിക്ക് ആവശ്യമുള്ള മത്സരങ്ങൾ ഉറപ്പ് നൽകാൻ അവർക്ക് കഴിഞ്ഞില്ല. എനിക്ക് ആവശ്യമുള്ള മത്സരങ്ങൾ നൽകാൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് പോകാമെന്ന് ഞാൻ തീരുമാനിച്ചു."

"ഞാൻ കളിക്കുന്നില്ല എന്ന് അവർ എന്നോട് പറഞ്ഞില്ല. ഞാൻ കളിക്കാൻ ആഗ്രഹിക്കുന്ന മത്സരങ്ങൾ അവർ എനിക്ക് ഉറപ്പ് നൽകിയില്ല. പത്ത് വർഷങ്ങൾക്ക് ശേഷം അവിടം വിടാൻ ഞാൻ തീരുമാനിച്ചു. അത് വളരെ കഠിനമായിരുന്നു. ആഴ്സനലിൽ അത്ര മികച്ച തലത്തിലായിരുന്നിട്ടും എന്തിനാണ് ഞാൻ അവിടെ നിന്ന് പോകുന്നതെന്ന് എന്റെ കുടുംബത്തിന് മനസിലായില്ല. എന്നാൽ അതെന്റെ തീരുമാനമായിരുന്നു. അങ്ങനെ ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു."

"അതൊരു ചൂതാട്ടമായിരുന്നു. എന്നാൽ എപ്പോളും കംഫർട്ട് സോണിൽ തുടരുകയാണെങ്കിൽ ജീവിതത്തിൽ നിങ്ങൾ എവിടെയും എത്തില്ലെന്ന് ഞാൻ എപ്പോളും വിശ്വസിക്കുന്നു‌. അടുത്ത പടി കയറാൻ ഞാൻ തീരുമാനിച്ചു." എമിലിയാനോ മാർട്ടിനസ് പറഞ്ഞു നിർത്തി.

അതേ സമയം ആസ്റ്റൺ വില്ലയിലെത്തിയതിന് ശേഷം തകർപ്പൻ പ്രകടനം പുറത്തെടുത്ത എമിലിയാനോ മാർട്ടിനസ് അതിവേഗമാണ്‌ പ്രീമിയർ ലീഗിലെ‌ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാൾ എന്ന തലത്തിലേക്കുയർന്നത്. തന്റെ മുൻ ക്ലബ്ബായ ആഴ്സനലിനെതിരെ കഴിഞ്ഞ വർഷം രണ്ട് ക്ലീൻ ഷീറ്റുകൾ നേടിയ എമി ഇക്കുറിയും സമാന പ്രകടനമാണ് അവർക്കെതിരെ ലക്ഷ്യമിടുന്നത്.

facebooktwitterreddit