ലയണൽ മെസിക്കു വേണ്ടി സിംഹങ്ങളെ പോലെ അർജന്റീന പോരാടുമെന്ന് എമിലിയാനോ മാർട്ടിനസ്


അർജന്റീന നായകനായ ലയണൽ മെസിയോടുള്ള സ്നേഹവും ആദരവും ഒരിക്കൽക്കൂടി വ്യക്തമാക്കി ദേശീയ ടീം സഹതാരവും ഗോൾകീപ്പറുമായ എമിലിയാനോ മാർട്ടിനസ്. ലയണൽ മെസിക്കു വേണ്ടി സിംഹങ്ങളെ പോലെ പോരാടാൻ അർജന്റീന താരങ്ങൾ ഒരുക്കമാണെന്ന് ആസ്റ്റൺ വില്ല താരം ഫിനാലിസിമ വിജയത്തിനു ശേഷം പറഞ്ഞു.
പിഎസ്ജിയോടൊപ്പം സമ്മിശ്രമായൊരു സീസൺ കഴിഞ്ഞതിനു ശേഷം അർജന്റീന ടീമിനായി കളത്തിലിറങ്ങിയ മെസി മാൻ ഓഫ് ദി മാച്ചായ പ്രകടനമാണ് മത്സരത്തിൽ കാഴ്ച വെച്ചത്. രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയ താരത്തിന് ദൗർഭാഗ്യം കൊണ്ടു മാത്രമാണ് ഫിനാലിസിമയിൽ ഗോൾ നേടാൻ കഴിയാതിരുന്നത്.
Emiliano Martinez on Argentina's World Cup hopes 🗣
— Footy Accumulators (@FootyAccums) June 2, 2022
"We will always be one of the favourites for the World Cup, because we have the best player in the world [Messi] and we will fight like lions for him."
🦁🇦🇷 pic.twitter.com/HVQKFsMGcX
ഫിനാലിസിമയിൽ നേടിയ ആധികാരികമായ വിജയത്തോടെ വരാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ കിരീടസാധ്യതയുള്ള ടീമായി അർജന്റീന മാറിക്കഴിഞ്ഞിട്ടുണ്ട്. കരിയറിൽ മെസി നേടാൻ ആഗ്രഹിക്കുന്ന, 2014ൽ തൊട്ടരികിലെത്തിയിട്ടും കൈക്കലാക്കാൻ കഴിയാതെ പോയ ലോകകപ്പിനായി അർജന്റീന പോരാടുമെന്ന് മാർട്ടിനസ് വ്യക്തമാക്കി.
"ഒരു വർഷം മുൻപ് ഒന്നുമില്ലാതിരുന്ന ഞങ്ങളിപ്പോൾ ലോകകപ്പ് സാധ്യതയുള്ള ടീമാണ്, കാരണം ഞങ്ങൾ കിരീടങ്ങൾ നേടി. ഞങ്ങളെപ്പോഴും സാധ്യതയുള്ള ടീമായിരിക്കും, കാരണം ലോകത്തിലെ ഏറ്റവും മികച്ച താരം ഒപ്പമുണ്ട്. ഞങ്ങളെല്ലാവരും അവനു വേണ്ടി പോരാടുന്ന സിംഹങ്ങളാണ്." മാർട്ടിനസ് ടിയുഡിഎന്നിനോട് പറഞ്ഞു.
ഫിനാലിസിമ വിജയിച്ചതോടെ ഒരു വർഷത്തിനിടയിൽ അർജന്റീനക്ക് രണ്ടാമത്തെ കിരീടം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടെ ലയണൽ മെസി സ്വന്തമാക്കിയ കിരീടങ്ങളുടെ എണ്ണം നാൽപതാവുകയും ചെയ്തു. മുപ്പത്തിരണ്ട് മത്സരങ്ങളായി അപരാജിതരായി മുന്നോട്ടു പോകുന്ന അർജന്റീന ആ കുതിപ്പ് ലോകകപ്പിലും തുടരാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.