Football in Malayalam

"മെസിക്കു വേണ്ടി മരിക്കാനും തയ്യാർ"- അർജന്റീന നായകനുമായുള്ള വൈകാരികബന്ധം വെളിപ്പെടുത്തി എമിലിയാനോ മാർട്ടിനസ്

Sreejith N
Argentina v Colombia: Semifinal - Copa America Brazil 2021
Argentina v Colombia: Semifinal - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക ടൂർണമെന്റ് വിജയത്തെക്കുറിച്ചും അർജന്റീന നായകനായ ലയണൽ മെസിയുമായുള്ള ബന്ധത്തെക്കുറിച്ചും പ്രതികരിച്ച് ടൂർണമെന്റിൽ അർജന്റീനയുടെ ഹീറോയായ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. മെസിക്കു വേണ്ടി താൻ മരിക്കാനും തയാറാണെന്നു പറഞ്ഞ മാർട്ടിനസ് അദ്ദേഹത്തിനായി അടുത്ത ലോകകിരീടം സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

മുണ്ടോ ആൽബിസെലെസ്റ്റക്കു നൽകിയ സുദീർഘമായ അഭിമുഖത്തിലാണ് എമിലിയാനോ മാർട്ടിനസ് മെസിയുമായുള്ള ബന്ധത്തെക്കുറിച്ചും അർജന്റീനയുടെ കിരീടനേട്ടത്തെക്കുറിച്ചും സംസാരിച്ചത്. പൊതുവെ സാമൂഹ്യമാധ്യമങ്ങളിൽ ആക്റ്റീവ് അല്ലാത്ത മെസി ഫൈനലിനു സെഷൻ മാർട്ടിനസിനെ 'മോൺസ്റ്റർ' എന്നു വിശേഷിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതേക്കുറിച്ച് ആസ്റ്റൺ വില്ല താരം പറഞ്ഞത് ഇങ്ങിനെയായിരുന്നു.

"അതു കണ്ടപ്പോൾ എനിക്ക് വാക്കുകൾ നഷ്ടമായിരുന്നു. ആ വാക്കുകളും ചിത്രങ്ങളും ജീവിതത്തിന്റെ അവസാനം വരെ നിലനിൽക്കുന്നതാണ്. അല്ലെങ്കിൽ അദ്ദേഹത്തെ പുണർന്നു നിൽക്കുന്നത് ഫ്രയിം ചെയ്‌തു സൂക്ഷിക്കണം. സെമിക്കു ശേഷവും അതു തന്നെയാണ് ഉണ്ടായത്. അദ്ദേഹം എന്നെ പുണർന്നപ്പോഴും ഇന്റർവ്യൂവിൽ പറഞ്ഞപ്പോഴും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തപ്പോഴും അത് ഫൈനലിൽ കൂടുതൽ കരുത്തു കാണിച്ച് എതിരാളികളെ തടയാൻ എനിക്കു പ്രചോദനമായി."

"എനിക്കൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റു ചെയ്‌ത്‌ 'പ്രതിഭാസം' എന്ന് വിശേഷിപ്പിക്കുമ്പോൾ എങ്ങിനെയാണ് ഫൈനലിൽ മികച്ച പ്രകടനം നടത്താതിരിക്കാൻ കഴിയുക. എന്റെ ജീവിതം അദ്ദേഹത്തിന് നൽകണം, അദ്ദേഹത്തിനായി മരിക്കണം. നാലഞ്ചു മാസങ്ങൾക്കു മുൻപ് തന്നെ എനിക്കു മുൻപേ മെസി കോപ്പ അമേരിക്ക വിജയിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. അതു സത്യമാണ്. എല്ലാ അർജന്റൈനിനെയും പോലെ. ബ്രസീലിയൻസിനും എനിക്കുമെല്ലാം മെസിക്കു വേണ്ടി അർജന്റീന കോപ്പ അമേരിക്ക കിരീടം നേടണമെന്നായിരുന്നു ആഗ്രഹം." താരം വ്യക്തമാക്കി.

മെസി സാധാരണ മനുഷ്യനായി തന്നെയാണ് ടീമിനൊപ്പം ഇടപഴകുകയെന്നും മാർട്ടിനസ് പറഞ്ഞു. താരവുമായി കാർഡ് ഗെയിമും ട്രൂകോയുമെല്ലാം കളിക്കാറുണ്ടെന്നും മറ്റാരേക്കാളും അർജന്റീന ടീമിനു വേണ്ടി കിരീടം നേടാൻ മെസിക്ക് ആഗ്രഹമുണ്ടെന്നും മാർട്ടിനസ് വ്യക്തമാക്കി. മെസിയുമായി കോപ്പ അമേരിക്കയിൽ കളിക്കാനും കിരീടം സ്വന്തമാക്കാനും കഴിഞ്ഞത് സ്വപ്‌നസാക്ഷാത്കാരമാണെന്നും ആസ്റ്റൺ വില്ല താരം കൂട്ടിച്ചേർത്തു.

facebooktwitterreddit