മെസി സംസാരിക്കുമ്പോൾ അർജന്റീനിയൻ പ്രസിഡന്റ് പോലും ശബ്‌ദമുയർത്തില്ലെന്ന് എമിലിയാനോ മാർട്ടിനസ്
By Sreejith N

ലയണൽ മെസി സംസാരിക്കുമ്പോൾ അർജന്റീനയുടെ പ്രസിഡന്റ് പോലും ശബ്‌ദമുയർത്തില്ലെന്ന് ദേശീയ ടീമിലെ സഹതാരവും ഗോൾകീപ്പറുമായ എമിലിയാനോ മാർട്ടിനസ്. കഴിഞ്ഞ സമ്മറിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ വിജയം നേടിയ ദിവസം മെസി സംസാരിച്ചതിനെ കുറിച്ച് പറയുമ്പോഴാണ് മാർട്ടിനസ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ബ്രസീലിൽ വെച്ചു നടന്ന കോപ്പ അമേരിക്ക കിരീടം അർജന്റീന നേടിയത് മെസിയുടെ സീനിയർ കരിയറിലെ ആദ്യത്തെ ഇന്റർനാഷണൽ കിരീടം കൂടിയായിരുന്നു. അന്ന് മെസി നടത്തിയ സംഭാഷണം താനടക്കം എല്ലാ അർജന്റീന താരങ്ങൾക്കും രോമാഞ്ചം സൃഷ്‌ടിച്ചുവെന്നാണ് മാർട്ടിനസ് പറയുന്നത്.
"Everyone shuts up!"
— Amazon Prime Video Sport (@primevideosport) June 8, 2022
When Lionel Messi talks, everyone listens... 🐐 @emimartinezz1 pic.twitter.com/xo64Fz1R7B
"ഇതു തന്റെ അവസാനത്തേതാണെന്നും അതിനായി എല്ലാം നൽകുമെന്നും പറഞ്ഞ് താരം ഒരു പ്രസംഗം നടത്തിയിരുന്നു. മെസിയുടെ സംഭാഷണം കേട്ടപ്പോൾ എനിക്ക് വിറയൽ വന്നിരുന്നു. എല്ലാവരും നിശബ്‌ദരായി. എല്ലാവരും അങ്ങിനെയാണ്, മാനേജർ, അർജന്റീന പ്രസിഡന്റ്, ആരൊക്കെ അവിടെയുണ്ടോ. അവരെല്ലാം നിശബ്‌ദരായിരിക്കും." എമിലിയാനോ മാർട്ടിനസ് പ്രൈം വീഡിയോയോട് പറഞ്ഞു.
അർജന്റീനയ്ക്കു വേണ്ടി 162 മത്സരങ്ങളിൽ നിന്നും 86 ഗോളുകൾ നേടിയ മെസി ദേശീയ ടീമിനായി ഏറ്റവുമധികം ഗോൾ നേടിയ താരമാണ്. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് എന്നിവ സ്വന്തമാക്കി കിരീടം നേടിയ താരം അതിനു പിന്നാലെ തന്റെ ഏഴാം ബാലൺ ഡി ഓറും സ്വന്തമാക്കിയിരുന്നു.
മുപ്പത്തിയഞ്ചുകാരനായ മെസി അടുത്ത സീസണിൽ വലിയ ലക്ഷ്യങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. മികച്ച പ്രകടനം നടത്തുന്ന അർജന്റീന ടീമിനൊപ്പം ലോകകപ്പ് നേടുക എന്നതിനൊപ്പം ഈ സീസണിലെ ശരാശരി പ്രകടനത്തിൽ നിന്നും മെച്ചപ്പെട്ട് അടുത്ത സീസണിൽ പിഎസ്‌ജിക്ക് ആദ്യ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുകയെന്നതും മെസിയുടെ ലക്ഷ്യമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.