പെറു താരത്തിന്റെ പെനാൽറ്റിക്കു മുൻപ് ഗ്യാലറിയിൽ ഉയർന്ന മുദ്രാവാക്യങ്ങളെക്കുറിച്ച് എമിലിയാനോ മാർട്ടിനസ്


ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെതിരെ അർജന്റീന നേടിയ വിജയത്തെക്കുറിച്ചും കളിക്കിടയിൽ പെറുവിന് ലഭിച്ച പെനാൽറ്റി എടുക്കുന്നതിനു മുൻപ് ഗ്യാലറിയിൽ തന്നെ പിന്തുണച്ച് ഉയർന്ന മുദ്രാവാക്യങ്ങളെക്കുറിച്ചും പ്രതികരിച്ച് എമിലിയാനോ മാർട്ടിനസ്. അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടിയ മത്സരത്തിൽ ഗോൾ വഴങ്ങാതിരുന്നതോടെ ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന മൂന്നു മത്സരങ്ങളിലും മാർട്ടിനസ് ക്ലീൻ ഷീറ്റ് നേടിയിട്ടുണ്ട്.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് പെറുവിന് ഒപ്പമെത്താൻ കഴിയുമായിരുന്ന പെനാൽറ്റി ലഭിക്കുന്നത്. എന്നാൽ കിക്കെടുത്ത യോഷിമാർ യോടുൻ അത് പുറത്തേക്കടിച്ചു കളയുകയായിരുന്നു. പെറു താരം കിക്കെടുക്കുന്നതിനു മുൻപ് 'ഡിബു (മാർട്ടിനസ്) നിങ്ങളെ തിന്നും' എന്ന മുദ്രാവാക്യങ്ങളുമായാണ് അർജന്റീന ആരാധകർ അർജന്റീന ഗോൾകീപ്പർക്കു പിന്തുണ നൽകിയത്.
Emiliano Martinez on Argentina’s World Cup qualifying win, the fans, the penalty. https://t.co/fP6PkGU82e
— Roy Nemer (@RoyNemer) October 15, 2021
കോപ്പ അമേരിക്ക സെമി ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിനു മുൻപ് കൊളംബിയൻ താരങ്ങളോട് എമിലിയാനോ മാർട്ടിനസ് 'ഞാൻ നിങ്ങളെ എങ്ങിനെയാണ് വിഴുങ്ങാൻ പോകുന്നതെന്ന് കണ്ടോളൂ' എന്നു പറഞ്ഞതിനെ ഓർമിപ്പിക്കുന്ന മുദ്രാവാക്യമാണ് ആരാധകർ ഉയർത്തിയത്. അതിനു ഫലമുണ്ടാവുകയും പെറു താരം ലക്ഷ്യം കാണാൻ പരാജയപ്പെടുകയും ചെയ്തു.
"പെനാൽറ്റിയെടുക്കാൻ വരുന്ന താരങ്ങളെല്ലാം വളരെ മികച്ച താരങ്ങളാണ്, അവസാനം സംഭവിക്കുന്നത് ഭാഗ്യവും. ഞാൻ ആരാധകരുടെ വാക്കുകൾ കേൾക്കുകയും അവർക്കു സന്തോഷം നൽകാൻ പന്തു തടുക്കാൻ ആഗ്രഹിക്കുകയും ചെയ്തു. അതൊരു ഗോൾ പോലെയാണ് എല്ലാവരും ആഘോഷിച്ചത്, ഞങ്ങൾക്ക് മൂന്നു പോയിന്റുകളും ഒരു ക്ലീൻഷീറ്റും ലഭിച്ചു."
"പ്രതിരോധത്തിൽ വളരെയധികം കരുത്തു കാണിക്കുന്നത് സന്തോഷമാണ്. ഞങ്ങളുടെ ആരാധകർക്കു മുന്നിൽ ഒന്നോ രണ്ടോ ഗോളുകൾ നേടാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ എല്ലായിപ്പോഴും പറയുന്ന കാര്യമാണ്: നന്നായി പ്രതിരോധിച്ചാൽ നിരവധി മത്സരങ്ങളിൽ വിജയം നേടാൻ കഴിയും." മാർട്ടിനസ് വ്യക്തമാക്കി.