യുറുഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലെ അർജന്റീനയുടെ വിജയത്തിൽ പ്രതികരിച്ച് എമിലിയാനോ മാർട്ടിനസ്


യുറുഗ്വായ്ക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന നേടിയ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തിൽ പ്രതികരിച്ച് ടീമിലെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്. ഏഴാം മിനുട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ മനോഹരമായ ഗോളിലാണ് അർജന്റീന വിജയം നേടിയത്. ഇതോടെ ഇനി ബ്രസീലിനെതിരെ നടക്കുന്ന അടുത്ത മത്സരത്തിൽ ജയിച്ചാൽ ലാറ്റിനമേരിക്കയിൽ നിന്നും ഖത്തർ ലോകകപ്പിനു യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി അർജന്റീനക്ക് മാറാൻ കഴിയും.
യുറുഗ്വായിൽ വെച്ചു നടന്ന മത്സരത്തിൽ കൂടുതൽ ആക്രമണം നടത്തിയത് ആതിഥേയർ തന്നെയായിരുന്നെങ്കിലും അതിനെ കൃത്യമായി ഡിഫൻസ് ചെയ്താണ് അർജന്റീന വിജയം സ്വന്തമാക്കിയത്. ഗോൾ നേടിയ ഏഞ്ചൽ ഡി മരിയക്കു പുറമെ പ്രതിരോധത്തിൽ ക്രിസ്റ്റ്യൻ റൊമേറോയും മധ്യനിരയിൽ റോഡ്രിഗോ ഡി പോളും മിന്നുന്ന സേവുകളുമായി മാർട്ടിനസും അർജന്റീനക്കു വേണ്ടി മികച്ച പ്രകടനം നടത്തുകയുണ്ടായി.
Emiliano Martinez talks about Argentina win, Lionel Messi, World Cup. https://t.co/6X356rbJyo
— Roy Nemer (@RoyNemer) November 13, 2021
"ഇതു വളരെ ബുദ്ധിമുട്ടാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, മുൻപത്തെ ഫലങ്ങൾ നോക്കുമ്പോൾ പ്രത്യേകിച്ചും. അവർക്ക് വിജയമോ പോയിന്റ് നേടുകയോ വേണമായിരുന്നു. അവർ മികച്ചൊരു മത്സരം കളിക്കുകയും ചെയ്തു. മൈതാനം വളരെ ദുർഘടം പിടിച്ചതായിരുന്നു. പന്തു പൊന്തുന്നത് വളരെ കൂടുതലായതിനാൽ മധ്യനിരയിൽ കളി മെനയാൻ കഴിഞ്ഞിരുന്നില്ല. മൈതാനം വളരെ ഉണങ്ങിയിരുന്നു."
പരിക്കിൽ നിന്നും മുക്തനായി പകരക്കാരനായി ഇറങ്ങിയ മെസിയെക്കുറിച്ചും മാർട്ടിനസ് സംസാരിച്ചു. "മെസിക്ക് എല്ലായിപ്പോഴും അവിടെ വേണം. ട്രെയിനിങ്ങിൽ ഒരു മൃഗമായ അദ്ദേഹം ഇപ്പോൾ നൂറു ശതമാനം ശരിയായ അവസ്ഥയിലല്ല. കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടെന്നു താരം കരുതി. അതു നല്ല കാര്യവുമാണ്." മാർട്ടിനസ് മാധ്യമങ്ങളോട് പറഞ്ഞു.
മോശമായി കളിച്ചാലും വിജയം നേടേണ്ടത് അനിവാര്യമാണെന്നു പറഞ്ഞ എമിലിയാനോ മാർട്ടിനസ് ഈ ടീമിന് അതിനുള്ള കഴിവും ആർജ്ജവവും ഉണ്ടെന്നും വ്യക്തമാക്കി. ലോകകപ്പിനു മുൻപുള്ള നിർണായക ചുവടുവെപ്പാണ് ഇതെല്ലാമെന്നും പരിശീലകന്റെ പദ്ധതികൾ ടീം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.