Football in Malayalam

കോപ്പ അമേരിക്കയിൽ കളിക്കാനുള്ള അർജന്റീന സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കും; ടീമിൽ നിന്ന് ഈ താരങ്ങൾ പുറത്തായേക്കും...

Gokul Manthara
Argentina v Chile - FIFA World Cup 2022 Qatar Qualifier
Argentina v Chile - FIFA World Cup 2022 Qatar Qualifier / Pool/Getty Images
facebooktwitterreddit

അടുത്തയാഴ്ച ബ്രസീലിൽ ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിനുള്ള അർജന്റീന ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന‌‌. ചിലി, കൊളംബിയ ടീമുകൾക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തിരഞ്ഞെടുത്ത സ്ക്വാഡിൽ ചില നിർണായക മാറ്റങ്ങൾ വരുത്തിയാകും പരിശീലകൻ ലയണൽ സ്കലോണി കോപ്പ അമേരിക്കയിൽ കളിക്കാനുള്ള ടീമിനെ തിരഞ്ഞെടുക്കുക‌.

പരിക്കിന്റെ പിടിയിലായ യുവ‌ മുന്നേറ്റ താരം ലൂക്കാസ് അലാരിയോ കോപ്പ അമേരിക്ക ടീമിലുണ്ടാകില്ലെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. നിലവിൽ ടീമിലുള്ള കളികാരിൽ അറ്റ്ലാന്റക്ക് വേണ്ടി കളിക്കുന്ന ജോസ് പലോമിനോ, നോർവിച്ച് സിറ്റിയുടെ എമിലിയാനോ ബ്യൂൻഡിയ, ഉഡിനിസിന്റെ നഹ്വൽ മോളിന എന്നിവർക്കും കോപ്പ അമേരിക്കക്കുള്ള അർജന്റൈൻ സ്ക്വാഡിൽ ഇടമുണ്ടാകില്ലെന്നാണ്‌ ഇ എസ് പി എൻ റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ നാല് ഗോൾകീപ്പർമാരാണ്‌ അർജന്റൈൻ ടീമിലുള്ളത്. ഇതിലൊരാളും കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള അന്തിമ സ്ക്വാഡിൽ നിന്ന് പുറത്താകും. ഫ്രാങ്കോ അർമാനി, എമിലിയാനോ മാർട്ടിനസ്, അഗസ്റ്റിൻ മർച്ചസിൻ, ജുവാൻ മൂസോ എന്നിവരിൽ ഒരാൾക്കാകും പുറത്തേക്ക് പോകേ‌ണ്ടി വരിക. ഇതിൽ അവസാന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ടീമിന്റെ ഗോൾവലക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ച വെച്ച മാർട്ടിനസ് ടീമിൽ സ്ഥാനമുറപ്പിച്ച മട്ടാണ്. അത് കൊണ്ടു തന്നെ ശേഷിക്കുന്ന മൂന്ന് പേരിൽ ഒരാൾ ടീമിൽ നിന്ന് പുറത്താകാനാണ് സാധ്യത. ഇതിൽ അർമാനിയാകട്ടെ നിലവിൽ കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഐസൊലേഷനിലാണ്‌.

അതേ സമയം കോപ്പ അമേരിക്കയിൽ ചിലി, ഉറുഗ്വെ, പരാഗ്വെ, ബൊളീവിയ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് 'ബി' യിലാണ് അർജന്റീന കളിക്കുന്നത്. ജൂൺ പതിനഞ്ചാം തീയതി ചിലിക്കെതിരെയാണ് ടൂർണമെന്റിൽ അവരുടെ ആദ്യ മത്സരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit