Football in Malayalam

അർജന്റീന ടീമിൽ അരങ്ങേറ്റത്തിനൊരുങ്ങി എമിലിയാനോ മാർട്ടിനസ്, ചിലിക്കെതിരായ സാധ്യത ഇലവൻ അറിയാം

Sreejith N
Aston Villa v Chelsea - Premier League
Aston Villa v Chelsea - Premier League / Visionhaus/Getty Images
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്ന ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് അർജന്റീനക്കു വേണ്ടി ആദ്യ മത്സരം കളിക്കാനൊരുങ്ങുന്നു. ചിലിക്കെതിരെ അടുത്ത ദിവസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ മാർട്ടിനസ് അർജന്റീനക്കു വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങുമെന്നാണ് ടിഎൻ ഡീപോർട്ടസ് റിപ്പോർട്ടു ചെയ്യുന്നത്.

നേരത്തെ ഫ്രാങ്കോ അർമാനിയാണ് വല കാക്കുകയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മാർട്ടിനസിന്റെ പ്രകടനത്തിൽ അർജന്റീന സ്റ്റാഫുകൾ തൃപ്തരായതു കൊണ്ടാണ് താരത്തിന് അരങ്ങേറ്റം കുറിക്കാൻ അവസരം നൽകുന്നത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ പതിമൂന്നു ക്ളീൻ ഷീറ്റുകൾ നേടി ക്ലബ് റെക്കോർഡിട്ട മാർട്ടിനസ് അർജന്റീന ടീമിലേക്ക് ഇതിനു മുൻപും തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും കളിക്കാനിറങ്ങിയിരുന്നില്ല.

അതേസമയം സീരി എയിലെ ഏറ്റവും മികച്ച ഡിഫെൻഡറായി തിരഞ്ഞെടുക്കപ്പെട്ട അറ്റലാന്റ താരം ക്രിസ്റ്റ്യൻ റൊമേറോക്ക് യോഗ്യത മത്സരത്തിൽ ആദ്യ ഇലവനിൽ ഇടമുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റാലിയൻ ലീഗിൽ തന്നെ ഫിയോറെന്റീനക്ക് വേണ്ടി പ്രതിരോധം കാക്കുന്ന ജർമൻ പെസല്ലയും ലൂക്കാസ് മാർട്ടിനസ് ക്വാർട്ടയുമാണ് സെൻട്രൽ ഡിഫെൻഡർമാരായി ഇറങ്ങാൻ സാധ്യത.

അയാക്‌സ് താരം നിക്കോളാസ് ടാഗ്ലിയാഫിക്കക്കു പകരം ഡച്ച് ടീമിലെ തന്നെ സഹതാരമായ ലിസാൻഡ്രോ മാർട്ടിനസ് ഉൾപ്പെടുമെന്നു പ്രതീക്ഷിക്കുന്ന ടീമിൽ വിയ്യാറയലിനൊപ്പം യൂറോപ്പ ലീഗുയർത്തിയ യുവാൻ ഫോയ്ത്തും ഇടം പിടിച്ചിട്ടുണ്ട്. പ്രതിരോധ നിരയിലുള്ള നാലു താരങ്ങളും യഥാർത്ഥത്തിൽ സെൻട്രൽ ഡിഫെൻഡർമാരാണെന്ന പ്രത്യേകത അർജന്റീനയുടെ സാധ്യത ഇലവനുണ്ട്.

ജൂൺ 4നു രാവിലെ 5.30നാണു അർജന്റീനയും ചിലിയും തമ്മിലുള്ള മത്സരം നടക്കാനിരിക്കുന്നത്. ഇതിനു പുറമെ കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപ് കൊളംബിയക്കെതിരെയും അർജന്റീന ലോകകപ്പ് യോഗ്യത മത്സരം കളിക്കുന്നുണ്ട്.

അർജന്റീനയുടെ സാധ്യത ഇലവൻ:

ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ്

ഡിഫൻഡേഴ്‌സ്: യുവാൻ ഫോയ്ത്ത്, ജർമൻ പെസല്ല, ലൂക്കാസ് മാർട്ടിനസ് ക്വാർട്ട, ലിസാൻഡ്രോ മാർട്ടിനസ്

മിഡ്ഫീൽഡേഴ്‌സ്: റോഡ്രിഗോ ഡി പോൾ, ലിയനാർഡോ പരഡെസ്, മാർക്കോസ് അക്യൂന

അറ്റാക്കേഴ്‌സ്: ലൂക്കാസ് ഒകാമ്പോസ്, ലൗടാരോ മാർട്ടിനസ്, ലയണൽ മെസി


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit