Football in Malayalam

ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി കളിക്കാൻ ക്ഷണം ലഭിച്ചിരുന്നുവെന്ന് എമിലിയാനോ മാർട്ടിനസ്

Sreejith N
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

അർജന്റീന ദേശീയ ടീമിൽ ഇടം ലഭിക്കുന്നതിനു മുൻപ് ഇംഗ്ലണ്ടിനു വേണ്ടി കളിക്കാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ അർജന്റീനക്കു വേണ്ടി ഹീറോയായ താരം അടുത്ത സീസണു മുന്നോടിയായി പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയിൽ തിരിച്ചെത്തിയതിനു ശേഷം ഇഎസ്‌പിഎൻ ജേർണലിസ്റ്റായ ക്രിസ്റ്റ്യൻ മാർട്ടിനോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

"ഇംഗ്ലണ്ടിനു വേണ്ടി കളിക്കാൻ വാഗ്‌ദാനം ലഭിച്ചിരുന്നെങ്കിലും ഞാനൊരു അർജന്റീനക്കാരൻ ആയതു കൊണ്ടു തന്നെ അർജന്റീന ദേശീയ ടീമിനു വേണ്ടി കളിക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഞാൻ വളരെ സന്തോഷവാനാണ് എന്നതിനു പുറമെ എന്നിൽ വിശ്വസിച്ചവരിൽ കടപ്പാടുമുണ്ട്. അതേസമയം എന്നെ വിശ്വസിക്കാത്തവർക്ക് ഞാൻ കളിക്കുന്നത് എവിടെയെന്നറിയാൻ കേബിൾ ബിൽ അടക്കേണ്ടി വന്നിരിക്കുന്നു."

"പന്ത്രണ്ടു വർഷമായി ഞാൻ യൂറോപ്പിൽ പരിശീലനം നടത്തി കൊണ്ടിരിക്കയാണ്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയോ ലോകത്തിലെ ഏറ്റവും മികച്ച ക്ലബിനു വേണ്ടി കളിക്കുകയോ എന്റെ സ്വപ്‌നം ആയിരുന്നില്ല. മറിച്ച് ദേശീയ ടീമിനു വേണ്ടി ഒരു കിരീടം സ്വന്തമാക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്." അർജന്റീന ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട നിമിഷത്തെക്കുറിച്ച് മാർട്ടിനസ് പറഞ്ഞു.

കോപ്പ അമേരിക്ക സെമി ഫൈനലിൽ യെറി മിനയുമായുണ്ടായ പ്രശ്‌നങ്ങൾക്ക് താൻ ക്ഷമാപണം നടത്തിയെങ്കിലും തിരിച്ചൊരു മറുപടിയും ലഭിച്ചില്ലെന്നും മാർട്ടിനസ് പറഞ്ഞു. അതിനു മുൻപുണ്ടായ മത്സരത്തിൽ എവർട്ടൺ താരം യുറുഗ്വായ് ഗോൾകീപ്പർക്കെതിരെ ഗോൾ നേടിയതിനു ശേഷം ഡാൻസ് കളിച്ചത് കണ്ടിരുന്നുവെന്നും ഒന്നു പ്രകോപിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ചെയ്‌ത കാര്യങ്ങൾ കളിക്കളത്തിൽ മാത്രം ഒതുങ്ങുന്ന സംഭവമാണെന്നും മാർട്ടിനസ് വ്യക്തമാക്കി.

കോപ്പ അമേരിക്ക കിരീടം താൻ സ്വന്തമാക്കി എന്നതിനേക്കാൾ മെസിക്കു വേണ്ടി അതു നേടിയെടുക്കാൻ കഴിഞ്ഞതിലാണ് അഭിമാനമെന്നും മാർട്ടിനസ് വെളിപ്പെടുത്തി. ഓരോ അർജന്റീന ആരാധകന്റെയും സ്വപ്‌നമാണ് അതെന്നും മെസി ഒരു കിരീടം നേടാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും മാർട്ടിനസ് കൂട്ടിച്ചേർത്തു.


facebooktwitterreddit