Champions League

തോൽവിയിലും നിരാശനാകാതെ എമറി, രണ്ടാംപാദത്തിൽ ഇതിൽക്കൂടുതൽ ടീം നൽകുമെന്ന് വിയ്യാറയൽ പരിശീലകൻ

Sreejith N
Emery Insists Second Leg Against Liverpool Will Be Different
Emery Insists Second Leg Against Liverpool Will Be Different / Soccrates Images/GettyImages
facebooktwitterreddit

ലിവർപൂളിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും അർഹിച്ച ഫലം തന്നെയാണ് ലഭിച്ചതെന്ന പ്രതികരണവുമായി വിയ്യാറയൽ പരിശീലകൻ ഉനെ എമറി, ലിവർപൂളിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ അവരെ പ്രതിരോധിക്കാനാണ് ടീം ശ്രമിച്ചതെന്നും എന്നാൽ രണ്ടാംപാദത്തിൽ ശൈലിയിൽ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലിവർപൂളിനെതിരെ പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ വിയ്യാറയൽ ആക്രമണത്തിന് യാതൊരു പ്രാധാന്യവും നൽകിയിരുന്നില്ല. ആകെ ഒരു ഷോട്ട് മാത്രമാണ് വിയ്യാറയൽ മത്സരത്തിൽ ഉതിർത്തത്. അതേസമയം പത്തൊൻപതു ഷോട്ടുകൾ തൊടുക്കുകയും മത്സരത്തിൽ പൂർണമായും ആധിപത്യം സ്ഥാപിക്കുകയും ചെയ്‌ത ലിവർപൂളിനെതിരെ രണ്ടു ഗോളുകൾ മാത്രമേ വഴങ്ങിയുള്ളൂ എന്നത് വിയ്യാറയലിനു ആശ്വസിക്കാൻ വക നൽകുന്നതാണ്.

"സെമിഫൈനലിൽ നമ്മൾ കരുത്തുറ്റ എതിരാളികളുമായാണ് കളിക്കേണ്ടി വരിക. ഇന്നതുപോലെയൊരു മത്സരമായിരുന്നു, വിജയം നേടാനും നിയന്ത്രിക്കാനും ശ്രമിച്ച അവർ ഞങ്ങൾക്കൊരു അവസരവും നൽകിയില്ല. ഇന്ന് പരമാവധി പ്രതിരോധിച്ച് രണ്ടാംപാദത്തിൽ എന്തെങ്കിലും അവസരം ലഭിക്കുമോയെന്നതിനു വേണ്ടിയാണ് ശ്രമിച്ചത്. അതു ഞങ്ങൾ ചെയ്‌തു. അടുത്ത മത്സരം വ്യത്യസ്‌തമാകും, ഞങ്ങൾ കൂടുതൽ നൽകും." എമറി പറഞ്ഞു.

മത്സരത്തിൽ വിയ്യാറയലിന്റെ പദ്ധതികൾ കൃത്യമായി നടപ്പിലായില്ലെന്നും രണ്ടു ഗോളുകൾ വഴങ്ങിയത് ടീം അർഹിച്ച ഫലമായിരുന്നു എന്നും എമറി പറഞ്ഞു. ലിവർപൂളിന് വിജയം നേടാൻ കൂടുതൽ സാധ്യതയുണ്ടെന്നും എന്നാൽ സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ ഇതിൽ നിന്നും വ്യത്യസ്‌തമായ പ്രകടനം നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലിവർപൂൾ പോലെയൊരു ടീമിനെതിരെ രണ്ടു ഗോളുകളുടെ വ്യത്യാസം മറികടക്കുക വിയ്യാറലിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും സ്വന്തം മൈതാനത്താണ് രണ്ടാംപാദമെന്നത് അവർക്കു പ്രതീക്ഷ നൽകുന്നു ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച വിയ്യാറയൽ വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit