Football in Malayalam

വിയ്യാറയലും ബാഴ്‌സലോണയും തമ്മിൽ നടന്ന മത്സരത്തിൽ വിവാദം, പിക്വയുടെ ഹാൻഡ്ബോൾ പെനാൽറ്റി അനുവദിക്കാത്തതിനെതിരെ എമറി

Sreejith N
Gerard Pique of Barcelona FC in action during the Spanish La...
Gerard Pique of Barcelona FC in action during the Spanish La... / SOPA Images/GettyImages
facebooktwitterreddit

ബാഴ്‌സലോണക്കെതിരെ വിയ്യാറയൽ തോൽവി നേരിട്ട ലാ ലിഗ മത്സരത്തിനു ശേഷം റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ വിയ്യാറയൽ പരിശീലകൻ ഉനെ എമറി. മത്സരത്തിൽ ബാഴ്‌സലോണ പ്രതിരോധതാരം ജെറാർഡ് പിക്വ ബോക്‌സിനുള്ളിൽ വെച്ചു പന്തു കൈ കൊണ്ടു കൈകാര്യം ചെയ്‌തതിന് എന്തു കൊണ്ടു പെനാൽറ്റി അനുവദിച്ചില്ലെന്ന കാര്യത്തിൽ തനിക്കൊരു വിശദീകരണം വേണമെന്ന് എമറി മത്സരത്തിനു ശേഷം പറഞ്ഞു.

മത്സരത്തിന്റെ ആദ്യപകുതിയിൽ വിയ്യാറയൽ താരത്തിന്റെ ഷോട്ട് ബ്ലോക്ക് ചെയ്യുമ്പോഴാണ് പിക്വയുടെ കയ്യിൽ പന്തു തട്ടിയത്. ഇതിനു പുറമെ രണ്ടാം പകുതിയിൽ ബാഴ്‌സലോണ ഒരു ഗോളിനു മുന്നിൽ നിൽക്കുമ്പോൾ ബോക്‌സിനുള്ളിൽ എറിക് ഗാർസിയ തന്നെ വീഴ്ത്തിയതിന് റൗൾ ആൽബിയോളും പെനാൽറ്റി അപ്പീൽ ചെയ്‌തിരുന്നു. എന്നാൽ റഫറി ഇതു രണ്ടും അനുവദിച്ചില്ല.

"ആൽബിയോളിനെതിരെയുണ്ടായ ഫൗൾ പെനാൽറ്റി തന്നെയാണ്, എന്നാൽ പിക്വയുടെ ഹാൻഡ്‌ബോൾ കുറേക്കൂടി വ്യക്തമാണ്. ഞങ്ങൾക്ക് അർഹിച്ച ബഹുമാനം ലഭിച്ചില്ലെന്ന തോന്നൽ എനിക്കുണ്ട്, സമാനമായ നിരവധി നിമിഷങ്ങൾ ഉണ്ടായിരുന്നു. ഈ രണ്ടു സംഭവങ്ങളും വീഡിയോ റഫറി വിശകലനം ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല."

"ഈ പിഴവിന് ആരാണു കാരണമെന്നു ഞങ്ങൾക്ക് ചോദിക്കണം. എന്താണ് സംഭവിച്ചതെന്ന് ആരെങ്കിലും വിശദീകരിച്ചു നൽകണം, എല്ലാവരും അതു കണ്ടതാണ്. അതു വ്യക്തമായിരുന്നു, വളരെ വ്യക്തമായിരുന്നു. അതിനു ശേഷം ബാഴ്‌സയുടെ ഗോളിലും വീഡിയോ റഫറി ഇടപെട്ടില്ല, ദൗർഭാഗ്യം തന്നെ." എമറി മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സ്‌പാനിഷ്‌ മാധ്യമമായ മാർക്കക്കു വേണ്ടി മത്സരം വിശകലനം ചെയ്യുന്ന മുൻ റഫറിയായ പെരെസ് ബുറുലും പിക്വയുടെ ഹാൻഡ്‌ബോൾ പെനാൽറ്റി തന്നെയാണെന്നാണ് പറഞ്ഞത്. ഗോളിലേക്ക് പോവുകയായിരുന്ന പന്തിനെ പിക്വ കൈ കൊണ്ട് തടസപ്പെടുത്തിയെന്നും എന്തുകൊണ്ടാണതിൽ വീഡിയോ റഫറി ഇടപെടാതിരുന്നതെന്നു മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു.

facebooktwitterreddit