നേരത്തെ പരിശീലനത്തിനു പോയാലും റൊണാൾഡോ അവിടെയുണ്ടാകും, പോർച്ചുഗീസ് താരം ചെലുത്തുന്ന സ്വാധീനം വെളിപ്പെടുത്തി എലാങ്ക


മാഞ്ചസ്റ്റർ യുണൈറ്റഡിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വാധീനം വളരെയധികം ഗുണം ചെയ്യുന്നുണ്ടെന്നും കളത്തിലും പുറത്തും താരം തന്നെ സ്വാധീനിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി ക്ലബിലെ സഹതാരം ആന്തണി എലാങ്ക. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനൊപ്പം തിളക്കമാർന്ന പ്രകടനം നടത്തുന്ന സ്വീഡിഷ് യുവതാരം റൊണാൾഡോക്കൊപ്പം കളിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നും വെളിപ്പെടുത്തി.
"ഒരു മാർഗദർശിയെന്ന നിലയിൽ റൊണാൾഡോ ടീമിനൊപ്പം നിൽക്കുന്നത് വളരെ മികച്ച കാര്യമാണ്, ഞാൻ പരിശീലനത്തിനു വളരെ നേരത്തെ പോകുമ്പോൾ താരത്തെ അവിടെ കാണാറുണ്ട്. ഞങ്ങൾക്കതിനു മുൻപത്തെ ദിവസം ഒരു മോശം മത്സരമാണ് ഉണ്ടായതെങ്കിൽ ഞങ്ങൾ മത്സരത്തെക്കുറിച്ചും പരിശീലനത്തെ കുറിച്ചും സംസാരിക്കാറുണ്ട്."
Anthony Elanga reveals what Cristiano Ronaldo tells him in Manchester United training.#MUFChttps://t.co/5PxLwthg7I
— Man United News (@ManUtdMEN) March 25, 2022
"മികച്ചൊരു വ്യക്തിയായ താരം ഇവിടെ ഉണ്ടായിരിക്കുന്നത് ഗുണം ചെയ്യുന്നുണ്ട്, പിച്ചിൽ ചെയ്യുന്ന കാര്യങ്ങൾ കൊണ്ടു മാത്രമല്ല, അതിനു പുറത്തു ചെയ്യുന്നതു കൂടി കണക്കിലെടുത്തു കൊണ്ടാണ് ഇത് പറയുന്നത്. യുവതാരങ്ങൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ താരത്തോട് സംസാരിക്കാം. താരം കൂടെയുള്ളത് വളരെ നല്ല കാര്യമാണ്." മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഫിഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുമ്പോൾ എലാങ്ക പറഞ്ഞു.
പത്തൊൻപതു വയസുള്ള ആന്തണി എലാങ്ക തന്റെ പന്ത്രണ്ടാം വയസിലാണ് മാൽമോയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. ഇതുവരെ ഇരുപത്തിയെട്ടു മത്സരങ്ങൾ സീനിയർ ടീമിനു വേണ്ടി കളിച്ചിട്ടുള്ള താരം പരിചയസമ്പന്നരായ നിരവധി താരങ്ങളുടെ കൂടെ കളിക്കാൻ കഴിയുന്നത് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.