എൽ ക്ലാസികോ: ഇന്ത്യയിലെ മത്സരസമയവും ടെലികാസ്റ്റ് വിവരങ്ങളും


ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസികോ മത്സരത്തിനു നാളെ പന്തുരുളുമ്പോൾ മുൻ വർഷങ്ങളിൽ നടന്ന പോരാട്ടത്തിൽ നിന്നും അതു വ്യത്യസ്തമാണ്. റയലിന്റെയും ബാഴ്സയുടെയും നായകന്മാരായ സെർജിയോ റാമോസും ലയണൽ മെസിയും ക്ലബ് വിട്ടതാണ് അതിലെ ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ ആദ്യമായാണ് ഈ താരങ്ങളിൽ ഒരാളുടെയെങ്കിലും സാന്നിധ്യമില്ലാതെ എൽ ക്ലാസിക്കോ പോരാട്ടം നടക്കുന്നത്.
എങ്കിൽ തന്നെയും ഫുട്ബോൾ ആരാധകർ എൽ ക്ലാസിക്കോ പോരാട്ടത്തിനു കാത്തിരിക്കുന്നത് വളരെ ആവേശത്തോടെ തന്നെയാണ്. പോരാട്ടത്തിനായി തയ്യാറെടുക്കുമ്പോൾ ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ മത്സരങ്ങളിൽ നേടിയ വിജയം ഇരുടീമുകൾക്കും ആത്മവിശ്വാസം നൽകുന്നു. ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ കീവിനെതിരെ ഒരു ഗോളിന്റെ വിജയം നേടിയപ്പോൾ റയൽ ഷക്തറിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് തകർത്തത്.
മെസിയും റാമോസമില്ലാതെ ഇരുടീമിലും കൂടുതൽ യുവതാരങ്ങൾ അണിനിരക്കുന്ന എൽ ക്ലാസിക്കോ പുതിയൊരു അനുഭവം നൽകും എന്നുറപ്പാണെന്നിരിക്കെ ഇന്ത്യയിലെ ആരാധകർക്ക് മത്സരം കാണാനുള്ള വിവരങ്ങളും മത്സരസമയവും അറിയാം.
എൽ ക്ലാസിക്കോ മത്സരസമയം:
ഒക്ടോബർ 24, ഞായറാഴ്ച ഇന്ത്യൻ സമയം 7.45നാണു എൽ ക്ലാസിക്ക കിക്കോഫ്
എൽ ക്ലാസികോ ടെലികാസ്റ്റ് വിവരങ്ങൾ:
ലാ ലീഗയുടെ ടെലികാസ്റ്റ് അവകാശം വയകോം 18 വാങ്ങിയത് മുതൽ എംടിവിയാണ് മത്സരങ്ങൾ ടിവിയിൽ സംപ്രേഷണം ചെയ്യുന്നത്. ഇതിനു പുറമെ വൂട്ട് ആപ്ലിക്കേഷനിലും മത്സരം കാണാൻ കഴിയും.
ലയണൽ മെസി ക്ലബ് വിട്ടതിന്റെ ആഘാതത്തിൽ നിന്നും ഇനിയും മോചനം നേടിയിട്ടില്ലാത്ത ബാഴ്സലോണക്ക് സ്വന്തം മൈതാനത്തു നടക്കുന്ന പോരാട്ടത്തിൽ മുൻതൂക്കമുണ്ടെന്നു പറയാൻ കഴിയില്ല. ദുർബലമായ പ്രതിരോധനിരയും ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന മുന്നേറ്റനിരയും ബാഴ്സലോണക്ക് ഭീഷണിയാകുമ്പോൾ മറുവശത്ത് കാര്യങ്ങൾ വ്യത്യസ്തമാണ്.
റയൽ മാഡ്രിഡിനെ സംബന്ധിച്ച് റാമോസ്, വരാനെ എന്നിവർ ക്ലബ് വിട്ടത് പ്രതിരോധത്തിൽ തിരിച്ചടി നൽകിയെങ്കിലും അവരുടെ മുന്നേറ്റനിരയും മധ്യനിരയും അതിശക്തമായി തുടരുന്നുവെന്ന് കഴിഞ്ഞ മത്സരം തെളിയിച്ചതാണ്. കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ ബെൻസിമ കളിക്കുമ്പോൾ വിനീഷ്യസും മികച്ച പ്രകടനം നടത്തുന്നത് മത്സരത്തിൽ റയലിന് വ്യക്തമായ മുൻതൂക്കം നൽകുന്നുണ്ട്.