Top Stories

ബാഴ്‌സലോണയെ തോൽപ്പിക്കാൻ മോഡ്രിച്ച് ആവശ്യപ്പെട്ടിരുന്നുവെന്ന് ഫ്രാങ്ക്ഫർട്ട് താരം ജാക്കിച്ച്

Sreejith N
Modric Asked Me To Beat Barcelona Says Eintracht Midfielder Jakic
Modric Asked Me To Beat Barcelona Says Eintracht Midfielder Jakic / Anadolu Agency/GettyImages
facebooktwitterreddit

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ ബാഴ്‌സലോണ തോൽവി വഴങ്ങി പുറത്തായത് വാർത്തകളിൽ ഇടം പിടിച്ച കാര്യമായിരുന്നു. ബാഴ്‌സലോണ ആരാധകർ ടിക്കറ്റുകൾ മറിച്ചു വിറ്റതിനെ തുടർന്ന് ഫ്രാങ്ക്ഫർട്ട് താരങ്ങൾ സ്റ്റേഡിയത്തിൽ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജർമൻ ക്ലബ് വിജയം നേടിയത്.

എന്നാൽ ആ വിജയത്തിനു പിന്നിൽ റയൽ മാഡ്രിഡ് താരമായ മോഡ്രിച്ച് നൽകിയ പ്രചോദനം ഉണ്ടായിരുന്നുവെന്നാണ് ഫ്രാങ്ക്ഫർട്ടിന്റെ മധ്യനിര താരമായ ക്രിസ്റ്റ്യൻ ജാക്കിച്ച് പറയുന്നത്. ക്രൊയേഷ്യൻ പത്രമായ സ്പോർട്സകെ നവോസ്റ്റിയോട് സംസാരിക്കുമ്പോഴാണ് മത്സരത്തിനു മുൻപ് ബാഴ്‌സലോണയെ തോൽപ്പിക്കാൻ മോഡ്രിച്ച് ആവശ്യപ്പെട്ട കാര്യം ജാക്കിച്ച് വെളിപ്പെടുത്തിയത്.

"ബാഴ്‌സക്കെതിരായ മത്സരത്തിനു മുൻപ് ഞാൻ മോഡ്രിച്ചുമായി സംസാരിച്ചപ്പോൾ ബാഴ്‌സലോണയെ നിങ്ങൾ തോൽപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങൾ എന്തായാലും വിജയം നേടുമെന്ന് ഞാൻ മോഡ്രിച്ചിന് ഉറപ്പും കൊടുത്തു. അവസാനം ഞങ്ങളത് നേടുകയും ചെയ്‌തു." ജാക്കിച്ച് പറഞ്ഞു.

മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ ജാക്കിച്ച് വിജയം നേടിയ സന്തോഷത്തിൽ ഇട്ട പോസ്റ്റിൽ മോഡ്രിച്ച് കമന്റ് ചെയ്‌തിരുന്നു. നൽകിയ ഉറപ്പ് പാലിക്കപ്പെട്ടുവെന്നാണ് താരം ജാക്കിച്ചിന് കമന്റ് ചെയ്‌തത്‌. അതിന്റെ പിന്നിലുള്ള കാരണം ഇതാണെന്നും ജാക്കിച്ച് പറഞ്ഞു.

കളിക്കളത്തിലും പുറത്തും ബാഴ്‌സലോണക്ക് വലിയ തിരിച്ചടി നൽകിയ മത്സരത്തിലെ തോൽവിയോടെ ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ ക്ലബിന് സാധ്യതയില്ലാതായി മാറിയിട്ടുണ്ട്. ഇനി ലാ ലീഗ കിരീടത്തിനായി പോരാടാമെന്നല്ലാതെ റയൽ മാഡ്രിഡ് അതു കൈവിടാനുള്ള സാധ്യത വളരെ കുറവാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit