FC Barcelona News

നിർണായക മത്സരത്തിൽ ബാഴ്‌സലോണയെ സ്വന്തം ആരാധകർ ചതിച്ചു, ഇതു മായ്ച്ചു കളയാനാവാത്ത നാണക്കേട്

Sreejith N
Eintrach Frankfurt Fans Take Over Camp Nou Stadium
Eintrach Frankfurt Fans Take Over Camp Nou Stadium / Anadolu Agency/GettyImages
facebooktwitterreddit

ജർമൻ ക്ലബായ ഐന്തരാഷ്ട് ഫ്രാങ്ക്ഫർട്ടിനെതിരെ ഇന്നലെ നടന്ന യൂറോപ്പ ലീഗ് മത്സരത്തിലേറ്റ തോൽവി പതിനഞ്ചു മത്സരങ്ങളായി തുടരുന്ന ബാഴ്‌സലോണയുടെ അപരാജിത കുതിപ്പിനു കൂടിയാണ് അവസാനം കുറിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വഴങ്ങിയ തോൽവിയോടെ ക്വാർട്ടർ ഫൈനൽ രണ്ടു പാദങ്ങളിലുമായി 4-3 എന്ന സ്കോറിന് ബാഴ്‌സലോണ യൂറോപ്പ ലീഗ് സെമി കാണാതെ പുറത്തായെങ്കിലും അതിനേക്കാൾ വലിയ നാണക്കേട് സ്വന്തം കാണികൾ തന്നെയാണ് അവർക്കു സമ്മാനിച്ചത്.

എൺപത്തിനായിരത്തോളം കാണികൾ മത്സരത്തിനായി ക്യാമ്പ് ന്യൂവിൽ എത്തിയിരുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുമ്പോൾ അതിൽ മുപ്പതിനായിരത്തിലധികം പേരും ജർമൻ ക്ലബിന്റെ ആരാധകനായിരുന്നു. എവേ ഫാൻസിന് അയ്യായിരം ടിക്കറ്റുകൾ മാത്രം അനുവദിച്ചപ്പോഴാണ് ഇത്രയധികം ജർമൻ ഫാൻസ്‌ മത്സരത്തിനെത്തിയത്. വളരെയധികം ഊർജ്ജം മത്സരത്തിലുടനീളം കാണിച്ച അവർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ബാഴ്‌സലോണ ആരാധകരെ നിഷ്പ്രഭരാക്കുകയും ചെയ്‌തു.

ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വേണ്ടി ബാഴ്‌സലോണ ആരാധകരുടെ സംഘമായ സോഷ്യോസ് മത്സരം ഒഴിവാക്കുകയും അവരുടെ കയ്യിലുള്ള ടിക്കറ്റുകൾ എവേ ടീം ആരാധകർക്ക് മറിച്ചു വിൽക്കുകയും ചെയ്‌തതാണ്‌ ഇത്രയധികം ജർമൻ ആരാധകർ സ്റ്റേഡിയത്തിലെത്താൻ കാരണമായത്. ക്യാമ്പ് ന്യൂവിലെ തെരുവുകളിലൂടെ ഒരുമിച്ചു നീങ്ങി സ്റ്റേഡിയത്തിലെത്തിയ ഫ്രാങ്ക്ഫർട്ട് ആരാധകർ തുടക്കം മുതൽ ബാഴ്‌സലോണക്ക് സമ്മർദ്ദം നൽകുകയും ചെയ്‌തു.

വിവിധ സ്‌പാനിഷ്‌ ജേർണലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പ്രകാരം സ്റ്റേഡിയത്തിൽ ഫ്രാങ്ക്ഫർട്ട് ആരാധകരുടെ അപ്രമാദിത്വത്തിൽ അസ്വസ്ഥരായ മത്സരത്തിനെത്തിയ ബാഴ്‌സലോണ ആരാധകർ സ്റ്റേഡിയം വിടാൻ ശ്രമിക്കുകയും എന്നാൽ ജർമൻ ക്ലബിന്റെ ഫാൻസ്‌ വഴികൾ തടഞ്ഞ് അവരെ സ്റ്റേഡിയത്തിൽ തുടരാൻ നിർബന്ധിതരാക്കുകയും ചെയ്‌തിട്ടുണ്ട്‌. ചുരുക്കി പറഞ്ഞാൽ ബാഴ്‌സലോണയുടെ അഭിമാനമായ സ്റ്റേഡിയം ഇന്നലെ എതിർടീം ആരാധകരുടെ കയ്യിലായിരുന്നു.

ബാഴ്‌സലോണ വിമൻസ് ടീമിന്റെ മത്സരങ്ങൾക്ക് ടിക്കറ്റുകൾ മുഴുവൻ വിറ്റഴിയുകയും സ്റ്റേഡിയം നിറഞ്ഞു കവിയുകയും ചെയ്‌ത അതേ ക്യാമ്പ് നൂവിലാണ് ഇന്നലെ പുരുഷടീമിന്റെ നിർണായക മത്സരത്തിൽ എതിരാളികൾ അപ്രമാദിത്വം കാണിച്ചത്. തോൽവി നേരിട്ടതോടെ ഈ സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയില്ലെന്ന അവസ്ഥ ബാഴ്‌സലോണക്കു വന്നെങ്കിലും അതിലും വലിയ നാണക്കേടാണ് ക്യാമ്പ് ന്യൂവിൽ എതിർടീമിന്റെ ആധിപത്യം നൽകിയത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit