Transfers

90Min Exclusive: ഫ്രഞ്ച് യുവതാരത്തിന്റെ പ്രകടനം കാണാനെത്തിയത് യൂറോപ്പിലെ എട്ടു വമ്പൻ ക്ലബുകളുടെ പ്രതിനിധികൾ

Sreejith N
Eight Top Clubs In Attendance To Watch Aurelien Tchouameni
Eight Top Clubs In Attendance To Watch Aurelien Tchouameni / Sylvain Lefevre/GettyImages
facebooktwitterreddit

ഈ സീസണിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഫ്രഞ്ച് മധ്യനിര താരമായ ഒറേലിയൻ ചുവാമേനി. മൊണാക്കോക്കു വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരം കഴിഞ്ഞ ദിവസം ലില്ലെക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ ഇരട്ടഗോളുകൾ നേടി തന്റെ ടീമിന് വിജയം സമ്മാനിച്ചിരുന്നു. താരത്തിന്റെ പ്രകടനം തന്നെയാണ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന പ്രതീക്ഷ മൊണാക്കോക്ക് നൽകുന്നത്.

ഇന്നലെ നടന്ന മത്സരത്തിൽ ചുവാമേനിയുടെ പ്രകടനം കണ്ടു വിലയിരുത്താൻ യൂറോപ്പിലെ എട്ടു വമ്പൻ ക്ലബുകളുടെ പ്രതിനിധികൾ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നുവെന്നാണ് 90Min മനസിലാക്കുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യൂറോപ്പിൽ വലിയൊരു വടംവലി തന്നെ ഇരുപത്തിരണ്ടു വയസുള്ള താരത്തിനായി ഉണ്ടാകുമെന്ന് ഇതു വ്യക്തമാക്കുന്നു.

റയൽ മാഡ്രിഡ് ലിവർപൂൾ എന്നീ ക്ലബുകൾ താരത്തിനു വേണ്ടിയുള്ള നീക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചതാണ്. അവർക്കു പുറമെ ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, അത്ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകളുടെ പ്രതിനിധികളും മത്സരം കാണാൻ എത്തിയിരുന്നു. ആഴ്‌സണൽ, ന്യൂകാസിൽ, ടോട്ടനം എന്നീ ക്ലബുകളിൽ നിന്നുള്ളവരും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നെങ്കിലും അവർ ഫ്രഞ്ച് താരത്തിന്റെ പ്രകടനം വിലയിരുത്താൻ എത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മധ്യനിരയെ അടക്കിഭരിക്കാനും ലോങ്ങ് റേഞ്ചറുകളിൽ നിന്നും ഗോൾ നേടാനുമുള്ള കഴിവാണ് ചുവാമേനിയെ യൂറോപ്പിലെ ക്ലബുകളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. ഇന്നലെ താരം നേടിയ രണ്ടു ഗോളുകളും ബോക്‌സിനു പുറത്തു നിന്നുമായിരുന്നു. അതേസമയം താരത്തെ വാങ്ങാൻ താൽപര്യമുള്ളവർ 70 മില്യൺ യൂറോ ട്രാൻസ്‌ഫർ ഫീസായി നൽകണമെന്ന നിലപാടിലാണ് മൊണാക്കോ നിൽക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit