ചാമ്പ്യൻസ് ലീഗ് കിരീടം ലിവർപൂൾ നേടണമെന്ന ആഗ്രഹമാണുള്ളതെന്ന് ചെൽസി ഗോൾകീപ്പർ എഡ്വേർഡ് മെൻഡി

Edouard Mendy Wants Liverpool Win Champions League
Edouard Mendy Wants Liverpool Win Champions League / Matthew Ashton - AMA/GettyImages
facebooktwitterreddit

ശനിയാഴ്‌ച രാത്രി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി ലിവർപൂൾ കിരീടം നേടണമെന്ന ആഗ്രഹമാണു തനിക്കുള്ളതെന്ന് ചെൽസി ഗോൾകീപ്പർ എഡ്‌വേഡ്‌ മെൻഡി. സെനഗൽ ദേശീയ ടീമിൽ തന്റെ സഹതാരമായ സാഡിയോ മാനെ കിരീടം നേടണമെന്ന ആഗ്രഹമാണ് അതിനു പിന്നിലെന്നും മെൻഡി പറഞ്ഞു.

പാരീസിലെ സ്റ്റെഡ് ഡി ഫ്രാൻസിൽ വെച്ചാണ് ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നത്. ഈ വർഷം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ്, കറബാവോ കപ്പ്, എഫ്എ കപ്പ് എന്നിവ നേടാൻ കഴിഞ്ഞ മാനെയെ സംബന്ധിച്ച് യൂറോപ്പിലെ ഏറ്റവും വലിയ കിരീടം കൂടി അതിനൊപ്പം ചേർക്കാനുള്ള അവസരമാണ് ഈ പോരാട്ടം.

"തീർച്ചയായും എനിക്ക് മാനെ കിരീടം നേടണമെന്നാണ് ആഗ്രഹം. വളരെ മികച്ചൊരു സീസണാണ് താരത്തിന്റേത്. ബാലൺ ഡി ഓർ സാധ്യത കൽപ്പിക്കപ്പെടുന്ന താരം ചാമ്പ്യൻസ് ലീഗ് നേടിയാൽ അതൊരു വഴിത്തിരിവാകും. താരം കളിക്കുന്നത് തന്റെ പ്രധാന എതിരാളിക്ക് എതിരേയുമാണ്. ആരു വിജയിക്കുന്നുവോ അവർ കൂടുതൽ പോയിന്റുകൾ നേടും." ഫൂട്ട്മെർകാടോയോട് മെൻഡി പറഞ്ഞു.

ഈ സീസണിൽ റയൽ മാഡ്രിഡിന്റെ കുതിപ്പിനു പിന്നിലെ പ്രധാന താരമായ കരിം ബെൻസിമയെയും മെൻഡി പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണു ബെൻസിമയെന്നും ഉയർന്ന നിലവാരത്തിൽ വളരെ നാളുകളായി കളിച്ചു കൊണ്ടിരിക്കുന്ന താരം നേടിയതെല്ലാം അർഹിക്കുന്നതു തന്നെയാണെന്നും മെൻഡി വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ വരുന്ന ബാലൺ ഡി ഓർ സ്വന്തമാക്കാൻ മൂന്നു താരങ്ങൾക്ക് അവസരമുണ്ട്. ലിവർപൂളിന്റെ സലാ, മാനെ എന്നിവരും റയൽ മാഡ്രിഡിന്റെ ബെൻസിമയുമാണ് പുരസ്‌കാരം നേടാൻ സാധ്യതയുള്ള താരങ്ങൾ. അതിനാൽ തന്നെ ചാമ്പ്യൻസ് ലീഗ് പോരാട്ടം ഒരു തരത്തിൽ ബാലൺ ഡി ഓർ പോരാട്ടം കൂടിയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.