'ആർക്കെങ്കിലും 500 മില്യൺ യൂറോ ഉണ്ടെങ്കിൽ തരൂ... അതാണ് ബാഴ്‌സയെ രക്ഷിക്കാൻ ആവശ്യം' - എഡ്വേർഡ് റോമിയു

ബാഴ്‌സലോണയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റണമെങ്കില്‍ 500 മില്യന്‍ യൂറോ ലഭിക്കണമെന്ന് ബാഴ്‌സലോണയുടെ ധനകാര്യ വൈസ് പ്രസിഡന്റ് എഡ്വേർഡ് റോമിയു വ്യക്തമാക്കി. കൊവിഡിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ബാഴ്‌സലോണ പണം കണ്ടെത്തുന്നതിന് വേണ്ടിയുള്ള കഠിന ശ്രമത്തിലാണിപ്പോള്‍.
അതിനിടെയാണ് സാമ്പത്തിക കാര്യ വൈസ് പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഴ്‌സലോണയുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടി അര ബില്യന്‍ യൂറോയെങ്കിലും വേണ്ടിവരുമെന്നാണ് റോമിയു വ്യക്തമാക്കുന്നത്. "ഞാൻ ഇതിന് മുൻപ് പറഞ്ഞിട്ടുണ്ട്, ആര്‍ക്കെങ്കിലും വേണമെങ്കില്‍ 500 മില്യന്‍ യൂറോ തരൂ...അതാണ് ബാഴ്‌സലോണയെ രക്ഷിക്കാൻ വേണ്ടത്,'' റോമിയു സ്‌പോര്‍ടിനോട് വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന ബാഴ്‌സോലണ താരങ്ങളുടെ ശമ്പളം കുറച്ചുകൊണ്ടായിരുന്നു നേരത്തെ ഇതിന് ചെറിയ പരിഹാരം കണ്ടിരുന്നത്. എന്നാല്‍ ഈ സീസണിലും മാനേജ്‌മെന്റ് താരങ്ങളോട് ശമ്പളം കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സീനിയര്‍ താരങ്ങളായ ജെറാദ് പിക്വെ, സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, ജോദ്രി അലാബ തുടങ്ങിയ താരങ്ങള്‍ ഈ ആവശ്യം അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല സാമ്പത്തികം കണ്ടെത്തുന്നതിന് വേണ്ടി മറ്റേതെങ്കിലും വഴികള്‍ തേടാനാണ് താരങ്ങള്‍ മാനേജ്‌മെന്റിനോട് വ്യക്തമാക്കിയത്.
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടി ബാഴ്‌സലോണ മര്‍ച്ചന്റൈസിങ്, ഓഡിയോവിഷ്വല്‍ എന്നിവയുടെ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയുണ്ട്. ഇത്തരത്തില്‍ ഓഹരികള്‍ വില്‍ക്കുകയാണെങ്കില്‍ 400 മില്യന്‍ യൂറോയെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നാണ് ക്ലബിന്റെ പ്രതീക്ഷ.