ഫ്രാൻസിനായാണ് താൻ കളിച്ചിരുന്നതെങ്കിൽ ഈ ചർച്ചയുടെ ആവശ്യമുണ്ടാകുമോ? ബാലൺ ഡി ഓർ പട്ടികയിൽ നിന്ന് തഴയപ്പെട്ടതിൽ മെൻഡി

ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് തന്നെ തഴഞ്ഞതിനെതിരെ ചോദ്യമുയർത്തി ചെൽസിയുടെ സെനഗലീസ് ഗോൾകീപ്പർ എഡ്വേർഡ് മെൻഡി. താൻ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് തന്റെ ദേശീയ ടീമുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചോദിക്കുന്ന മെൻഡി, താൻ ഫ്രാൻസ് താരമായിരുന്നെങ്കിൽ ചുരുക്കപ്പട്ടികയിൽ നിന്ന് തഴയപ്പെടില്ലായിരുന്നുവെന്നും കനാൽ പ്ലസിന്റെ ഫുട് ക്ലബ്ബ് ടിവി ഷോയിൽ സംസാരിക്കവെ സൂചിപ്പിച്ചു.
"ഈ അസാന്നിധ്യത്തിൽ (ബാലൺ ഡി ഓർ പട്ടികയിൽ നിന്നുള്ള) നിങ്ങളെല്ലാവരും അല്പം ആശ്ചര്യപ്പെടുന്നു, അതെന്നെ സന്തോഷിപ്പിക്കുന്നു. ഇത് എന്നെ പ്രചോദിപ്പിക്കുകയും, ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ്. സത്യസന്ധമായി പറഞ്ഞാൽ ഞാൻ എന്നോട് തന്നെ ചോദിക്കുന്നു, ഞാൻ ഫ്രാൻസിനായി കളിക്കുകയും, യൂറോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നുവെങ്കിൽ നമുക്ക് ഈ സംവാദം ഉണ്ടാകുമായിരുന്നോ?" മെൻഡി പറഞ്ഞു.
Chelsea's Edouard Mendy takes aim at Ballon d'Or snub again with telling France questionhttps://t.co/3h1UYSr9z2 pic.twitter.com/tfJUAhYnzb
— Mirror Football (@MirrorFootball) November 9, 2021
ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ നിന്ന് തഴയപ്പെട്ട മെൻഡി, മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരമായ ട്രോഫി യാഷിൻ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ആ പുരസ്കാരം നേടാൻ കഴിഞ്ഞാൽ താൻ അതിൽ അഭിമാനിക്കുമെന്ന് പറയുന്ന മെൻഡി, എന്നാൽ അത് തനിക്കൊരു സമാശ്വാസമായിരിക്കില്ലെന്നും കൂട്ടിച്ചേർത്തു.
അതേ സമയം ഇക്കഴിഞ്ഞ സീസണിൽ ചെൽസിക്കായി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച മെൻഡി, ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗ് കിരീട ധാരണത്തിന് പിന്നിലും നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ ചെൽസിയിൽ നിന്ന് അഞ്ച് സൂപ്പർ താരങ്ങൾ ഇടം പിടിച്ച ബാലൺ ഡി ഓർ പുരസ്കാരത്തിനായുള്ള 30 അംഗ ചുരുക്കപ്പട്ടികയിൽ നിന്ന് മെൻഡി തഴയപ്പെടുകയായിരുന്നു. ഇതിൽ കുപിതരായ ആരാധകർ ബാലൺ ഡി ഓർ ചുരുക്കപ്പട്ടിക പുറത്ത് വന്ന സമയത്ത് വലിയ പ്രതിഷേധങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു.