Football in Malayalam

കവാനിക്ക് തകർപ്പൻ നേട്ടവും, യുണൈറ്റഡിന് മറക്കാൻ മാത്രം ആഗ്രഹിക്കുന്ന റെക്കോർഡും സമ്മാനിച്ച് ഫുൾഹാമിനെതിരായ മത്സരം

Gokul Manthara
Manchester United v Fulham - Premier League
Manchester United v Fulham - Premier League / Phil Noble - Pool/Getty Images
facebooktwitterreddit

2020-21 സീസൺ പ്രീമിയർ ലീഗിലെ തങ്ങളുടെ മുപ്പത്തിയേഴാം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫുൾഹാമിനോട് സമനില (1-1) കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനുറ്റ് വരെ മുന്നിട്ട് നിന്ന മത്സരത്തിലായിരുന്നു സോൾഷ്യറിന്റെ സംഘത്തിന് സമനിലയുമായി മടങ്ങേണ്ടി വന്നത്.

ഫുൾഹാമിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടിയത് അവരുടെ ഉറുഗ്വെൻ സൂപ്പർ താരം എഡിൻസൺ കവാനിയായിരുന്നു‌. കഴിഞ്ഞ സമ്മറിൽ ടീമിലെത്തിയ കവാനി 2020-21 സീസൺ പ്രീമിയർ ലീഗിൽ ക്ലബ്ബിനായി നേടുന്ന പത്താമത്തെ ഗോളായിരുന്നു ഇത്. ഇതോടെ പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ 10 ഗോളുകളെന്ന നേട്ടത്തിലെത്തുന്ന ‌മുപ്പത്തിമൂന്നോ അതിൽ കൂടുതലോ വയസ് പ്രായമുള്ള മൂന്നാമത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി കവാനി മാറി. 2000-01 സീസണിൽ ടെഡി ഷെറിംഗ്ഹാമും, 2016-17 സീസണിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചുമാണ് ഇതിന് മുൻപ് ഈ നേട്ടത്തിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ.

കവാനി ക്ലബ്ബിലെ തകർപ്പൻ നേട്ടങ്ങളിലൊന്നിലെത്തിയ മത്സരത്തിൽ മറക്കാൻ മാത്രം ആഗ്രഹിക്കുന്ന റെക്കോർഡാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരിലായത്. ഫുൾഹാമിനെതിരെ തങ്ങളുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ വിജയിച്ചു നിന്നതിന് ശേഷമായിരുന്നു മാഞ്ചസ്റ്റർ സംഘത്തിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി‌വന്നത്. ഇതോടെ 2020-21 സീസൺ പ്രീമിയർ ലീഗിൽ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ മുന്നിട്ട് നിന്നതിന് ശേഷം അവർ നഷ്ടപ്പെടുത്തിയ പോയിന്റുകൾ 10 ആയി. പ്രീമിയർ ലീഗ് ചരിത്രത്തിൽ, ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരങ്ങളിൽ വിജയ സ്ഥാനങ്ങളിൽ നിന്ന് ഏറ്റവുമധികം പോയിന്റുകൾ അവർ നഷ്ടപ്പെടുത്തുന്ന സീസണായി മാറി ഇതോടെ ഇത്തവണത്തേത്.


അതേ സമയം ഫുൾഹാമിനെതിരായ മത്സരത്തിന്റെ പതിനഞ്ചാം മിനുറ്റിൽ കവാനിയുടെ തകർപ്പൻ ലോംഗ് റേഞ്ചർ ഗോളിൽ മുന്നിലെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ, എഴുപത്തിയാറാം മിനുറ്റിൽ ജോ ബ്രയാൻ നേടിയ ഗോളിലായിരുന്നു ഫുൾഹാം സമനിലയിൽ തളച്ചത്. സമനിലയോടെ 37 മത്സരങ്ങളിൽ 71 പോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിലെ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

facebooktwitterreddit