Football in Malayalam

മലയാളിയായ ആരാധകന് ഒരിക്കലും മറക്കാനാകാത്ത സർപ്രൈസ് നൽകി ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്‌സൺ

Sreejith N
FBL-2021-COPA AMERICA-BRA-CHI
FBL-2021-COPA AMERICA-BRA-CHI / MAURO PIMENTEL/Getty Images
facebooktwitterreddit

മലയാളിയായ ബ്രസീലിയൻ ആരാധകന് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്‌സൺ മൊറായെസ്. മലപ്പുറം വെളിയങ്കോട് സ്വദേശിയായ ബ്രസീലിയൻ ആരാധകൻ നഹീമിനാണ് ബ്രസീലിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും കാവൽ മാലാഖയായ എഡേഴ്‌സൺ വീഡിയോ കോളിലൂടെ സംസാരിച്ച് സർപ്രൈസ് നൽകിയത്.

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിയ സീസണും കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ വല കാത്തതിനും ശേഷം ദുബായിൽ ഒഴിവുദിവസങ്ങൾ ആഘോഷിക്കുന്ന എഡേഴ്‌സണെ നഹീമിന്റെ അച്ഛനായ ഹുസ്സൈൻ കണ്ടതാണ് പ്രധാന വഴിത്തിരിവ്. എഡേഴ്‌സണോടൊപ്പം ഫോട്ടോയെടുത്ത ഹുസൈൻ തന്റെ മകനു ബ്രസീലിനോടുള്ള കടുത്ത ആരാധന ബ്രസീലിയൻ താരത്തിനു മുന്നിൽ വെളിപ്പെടുത്തുകയായിരുന്നു.

അതിനു ശേഷം തന്റെ മകനുമായി വീഡിയോ കോളിൽ സംസാരിക്കാൻ കഴിയുമോയെന്ന ഹുസൈന്റെ ആവശ്യം എഡേഴ്‌സൺ അംഗീകരിച്ചതോടെയാണ് നഹീമിന് അസുലഭമായ ഭാഗ്യമുണ്ടായത്. തുടർന്ന് നഹീമിനെ വിളിച്ച എഡേഴ്‌സൺ തന്റെ ആരാധകന്റെ സുഹൃത്തുക്കളുമായും സംസാരിക്കുകയുണ്ടായി. ബ്രസീൽ ഫാൻസ്‌ കേരള അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റു ചെയ്‌ത ഇതിന്റെ വീഡിയോക്ക് വളരെയധികം പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബ്രസീലിയൻ ആരാധകരെ സംബന്ധിച്ച് വളരെ നിരാശപ്പെടുത്തുന്ന ഒരു സമയമാണ് കടന്നു പോയത്. കോപ്പ അമേരിക്കയിൽ സ്വന്തം രാജ്യത്തു നടന്ന ഫൈനലിൽ ചിരവൈരികളായ അർജന്റീനയോട് കിരീടം അവർക്ക് അടിയറവു വെക്കേണ്ടി വന്നു. അതിന്റെ നിരാശ ഇപ്പോഴും വിട്ടുപോകാത്ത കേരളക്കരയിലെ നിരവധി ആരാധകർക്ക് ഫൈനലിൽ ബ്രസീലിന്റെ വല കാത്ത എഡേഴ്‌സൺ തങ്ങളിൽ ഒരുവനെ വിളിച്ചു സംസാരിച്ചുവെന്നത് വളരെ അഭിമാനം പകരുന്ന കാര്യം തന്നെയാണ്.


facebooktwitterreddit