മാഞ്ചസ്റ്റർ സിറ്റി മധ്യനിരയിൽ കെവിൻ ഡി ബ്രൂയന് പകരക്കാരനാകണമെന്ന് എഡേഴ്സൺ


മാഞ്ചസ്റ്റർ സിറ്റി മധ്യനിരയിൽ കെവിൻ ഡി ബ്രൂയന് പകരക്കാരനാവാനുള്ള അവസരം ലഭിച്ചാൽ അതു സ്വാഗതം ചെയ്യുമെന്ന് ക്ലബിന്റെ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്സൺ. ബെൽജിയൻ താരത്തിനു പകരം മാഞ്ചസ്റ്റർ സിറ്റി മധ്യനിരയിൽ താൻ കളിക്കുന്ന സാഹചര്യം വന്നാലും അതു മാഞ്ചസ്റ്റർ സിറ്റിയുടെ പ്രകടനത്തെ ബാധിക്കില്ലെന്നും എഡേഴ്സൺ തമാശ രൂപത്തിൽ പറഞ്ഞു.
ഗോൾകീപ്പറെ ഔട്ട്ഫീൽഡ് പ്ലെയറായി കളിപ്പിച്ചതിന്റെ ചരിത്രമുള്ള ക്ലബാണ് മാഞ്ചസ്റ്റർ സിറ്റി. 2005ലെ പ്രീമിയർ ലീഗ് മത്സരത്തിൽ മിഡിൽസ്ബറോക്കെതിരെ ഇംഗ്ലീഷ് കീപ്പർ ഡേവിഡ് ജെയിംസിനെ അന്നത്തെ പരിശീലകനായ സ്റ്റുവർട്ട് പിയേഴ്സ് സ്ട്രൈക്കറായി കളിപ്പിച്ചിരുന്നു. അതിനെ മാതൃകയാക്കി സിറ്റിക്കു വേണ്ടി മറ്റു പൊസിഷനിൽ കളിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് എഡേഴ്സൺ വ്യക്തമാക്കി.
ഡേവിഡ് ജെയിംസ് ഔട്ട്ഫീൽഡ് പ്ലെയറായി കളിച്ചതിനെ കുറിച്ച് സിറ്റി ടിവിയോട് സംസാരിക്കുമ്പോഴാണ് എഡേഴ്സൺ ഇക്കാര്യം വെളിപ്പെടുത്തിയത്. "ഔട്ട്ഫീൽഡിൽ കളിക്കാനുള്ള അവസരം ലഭിച്ചാൽ സ്ട്രൈക്കറായി ഇറങ്ങണമെന്നല്ല ഞാൻ ആവശ്യപ്പെടുക. മധ്യനിരയിൽ കളിക്കാനാണ് എനിക്കു താൽപര്യം. കെവിൻ കളിക്കുന്ന പൊസിഷനിൽ."
"ആരെങ്കിലും കളിക്കാൻ അവസരം ലഭിക്കുമ്പോൾ, അതേതു പൊസിഷനിൽ വേണമെന്ന് എനിക്കു തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചാൽ ഞാൻ പറയും ഡി ബ്രൂയ്നെ പിൻവലിച്ച് എന്നെ ഇറക്കാൻ. അത് യാതൊരു മാറ്റവും ടീമിൽ വരുത്തില്ല." എഡേഴ്സൺ വ്യക്തമാക്കി.
മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി പെനാൽറ്റിയെടുക്കാനുള്ള താൽപര്യം ഇപ്പോഴുമുണ്ടെന്നും ബ്രസീലിയൻ താരം പറഞ്ഞു. എന്നാൽ മത്സരത്തിന്റെ ഗതിയനുസരിച്ചേ അതു ചെയ്യാൻ കഴിയൂവെന്നും മത്സരം ഗോൾരഹിത സമനിലയിൽ നിൽക്കുമ്പോൾ പെനാൽറ്റി എടുക്കുന്നത് വലിയ സമ്മർദ്ദമാണെന്നും എന്നാൽ മൂന്നു ഗോളുകൾക്ക് മുന്നിൽ നിൽക്കുന്ന സമയത്ത് അതുണ്ടാകില്ലെന്നും എഡേഴ്സൺ പറഞ്ഞു.