റയൽ മാഡ്രിഡിന്റെ ഓഫറും കാത്ത് മിലിറ്റാവോ, ബ്രസീലിയൻ താരത്തെ ലക്ഷ്യമിട്ട് ചെൽസി


പോർട്ടോയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ എഡർ മിലിറ്റാവോയെ സംബന്ധിച്ച് ലോസ് ബ്ലാങ്കോസിനൊപ്പമുള്ള ആദ്യനാളുകൾ അത്ര മികച്ചതായിരുന്നില്ലെങ്കിലും ഇപ്പോൾ സെർജിയോ റാമോസും റാഫേൽ വരാനെയും ക്ലബ് വിട്ടതിന്റെ അഭാവം ടീമിന്റെ പ്രതിരോധത്തെ ബാധിക്കാതെ സൂക്ഷിക്കാൻ താരത്തിനു കഴിയുന്നുണ്ട്. ഇപ്പോൾ താരവുമായി പുതിയ കരാർ ഒപ്പിടാനുള്ള നീക്കങ്ങൾ റയൽ നടത്തുമ്പോൾ മിലിറ്റാവോയിൽ കണ്ണു വെച്ച് നിരവധി യൂറോപ്യൻ ക്ലബുകൾ മുന്നോട്ടു വരുന്നുണ്ട്.
2025 വരെ റയൽ മാഡ്രിഡുമായി കരാറുള്ള എഡർ മിലിറ്റാവോയെ മറ്റു ക്ലബുകൾ റയലിന്റെ സമ്മതമില്ലാതെ റാഞ്ചാനുള്ള സാധ്യത വളരെ കുറവാണെങ്കിലും കരാർ പുതുക്കേണ്ടത് അവർക്ക് ആവശ്യമാണ്. പോർട്ടോയിൽ നിന്നും റയലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന തുകയുടെ ട്രാൻസ്ഫറിൽ എത്തിയ താരത്തിനു പ്രതിഫലമായി നിലവിൽ സീസണിൽ നാലു മില്യൺ യൂറോയോളമാണ് റയൽ മാഡ്രിഡ് നൽകുന്നത്. എന്നാൽ ബ്രസീലിയൻ താരം നടത്തുന്ന പ്രകടനം പരിഗണിക്കുമ്പോൾ പ്രതിഫലം റയൽ കൂട്ടി നൽകേണ്ടതുണ്ട്.
The Brazilian defender has excelled https://t.co/DBlXChqbR2
— MARCA in English (@MARCAinENGLISH) February 19, 2022
അതേസമയം റയൽ മാഡ്രിഡിൽ നിന്നും മിലിറ്റാവോയെ ടീമിന്റെ ഭാഗമാക്കാൻ ചെൽസി ശ്രമം നടത്തുന്നുണ്ടെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ടു ചെയ്യുന്നു. അടുത്ത സമ്മറിൽ കരാർ അവസാനിക്കുന്ന റുഡിഗർ, ക്രിസ്റ്റിൻസെൻ എന്നിവർ ക്ലബ് വിടാനുള്ള സാധ്യതയും തിയാഗോ സിൽവ കരിയറിന്റെ അവസാന നാളുകളിൽ എത്തിയെന്നതുമാണ് പുതിയ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ചെൽസിയെ പ്രേരിപ്പിക്കുന്നത്.
അതേസമയം റയൽ മാഡ്രിഡിൽ തന്നെ തുടരാൻ താൽപര്യമുള്ള ബ്രസീലിയൻ താരം പുതിയ കരാറിനുള്ള ഓഫർ പ്രതീക്ഷയിൽ തുടരുകയാണ്. ഈ സീസണിൽ യൂറോപ്പിൽ ഏറ്റവുമധികം ഡുവൽസിൽ (189) വിജയിച്ച പ്രതിരോധതാരമായ മിലിറ്റാവോ, ഹെഡർ ക്ലിയറൻസിൽ (66) ആറാമതും ബോൾ റിക്കവറീസിൽ (189) ഏഴാമതും ഏരിയൽ ഡുവൽസിൽ (84) ഒമ്പതാമതുമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.