Football in Malayalam

ഹസാർഡിന് ബെൽജിയം ദേശീയ ടീമിനായി 2 തുടർ മത്സരങ്ങൾ കളിക്കാൻ കഴിയുമായിരുന്നില്ലെന്ന് അക്സൽ വിറ്റ്സൽ

By Gokul Manthara
Belgium v Estonia - 2022 FIFA World Cup Qualifier
Belgium v Estonia - 2022 FIFA World Cup Qualifier / Isosport/MB Media/GettyImages
facebooktwitterreddit

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫിറ്റ്നസ്പരമായി അത്ര മികച്ച നിലയിലല്ല ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡ്. 2019ൽ ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയതിന് ശേഷമാണ് താരത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ വർധിച്ചത്. ഇക്കഴിഞ്ഞ അന്താരാഷ്ട്ര ഇടവേളക്കിടെ താരത്തെ നേരത്തെ ക്യാമ്പ് വിടാൻ ബെൽജിയം അനുവദിച്ചതും അദ്ദേഹത്തിന്റെ മോശം ആരോഗ്യ സ്ഥിതി മൂലമാണെന്നാണ് സൂചന.

ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം ഹസാർഡിനെ തുടർച്ചയായി രണ്ട് മത്സരങ്ങൾ കളിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നിലവിൽ ബെൽജിയം ദേശീയ ടീമിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസ്. ദേശീയ ടീമിൽ ഹസാർഡിന്റെ സഹതാരമായ അക്സൽ വിറ്റ്സൽ കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ബെൽജിയത്തിന് വേണ്ടി തുടർച്ചയായി രണ്ട് മത്സരങ്ങൾ കളിക്കാനുള്ള ഫിറ്റ്നസ് ഹസാർഡിനുണ്ടായിരുന്നില്ലെന്ന് മാർട്ടിനസ് തങ്ങളോട് പറഞ്ഞെന്നാണ് വിറ്റ്സൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഹസാർഡിന്റെ ഫിറ്റ്നസ് ഇപ്പോളും മോശം നിലയിലാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.

ഇത്തവണത്തെ അന്താരാഷ്ട്ര ഇടവേളയിൽ ബെൽജിയം ടീമിലുണ്ടായിരുന്ന ഹസാർഡിന് എസ്റ്റോണിയക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ മുഴുവൻ സമയവും കളിക്കാനായിരുന്നില്ല. ടീം 3-1ന് വിജയിച്ച മത്സരത്തിന്റെ അറുപത്തിരണ്ടാം മിനുറ്റിൽ അദ്ദേഹം സബ് ചെയ്യപ്പെടുകയായിരുന്നു. മത്സരത്തിൽ ഗോളുകളൊന്നും നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലായിരുന്നു ഹസാർഡിന് ബെൽജിയം ജേഴ്സിയിൽ ഗോളുകളൊന്നും നേടാൻ കഴിയാതിരുന്നത്.

അതേ സമയം, 2019ൽ സ്പാനിഷ് ക്ലബ്ബിലെത്തിയ ഹസാർഡിന് പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും നിറഞ്ഞു നിന്ന റയൽ മാഡ്രിഡ് കരിയറിൽ വെറും 54 മത്സരങ്ങൾ മാത്രമാണ് ഇതു വരെ കളിക്കാനായത്. ഈ മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും 9 അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 2021-22 സീസണിൽ റയലിനായി 11 മത്സരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും മൊത്തം 415 മിനുറ്റുകൾ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. ഈ സീസണിൽ ക്ലബ്ബിനായി ഗോളുകളൊന്നും നേടാൻ കഴിഞ്ഞിട്ടില്ലാത്ത അദ്ദേഹത്തിന് ഒരു അസിസ്റ്റ് സ്വന്തമാക്കാനായതാണ് ഏക ആശ്വാസം.


facebooktwitterreddit