ന്യൂകാസില്‍ യുണൈറ്റഡിലേക്ക് പോകാന്‍ താല്പര്യമില്ലെന്ന് ഹസാര്‍ഡ്

പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂ കാസില്‍ യുണൈറ്റഡിലേക്ക് ചേക്കേറാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയന്‍ താരം ഏദന്‍ ഹസാര്‍ഡ്. റയല്‍ മാഡ്രിഡ് വിടുന്നതിന്റെ വക്കിലെത്തിയ ഹസാര്‍ഡിന് വേണ്ടി ന്യൂകാസില്‍ യുണൈറ്റഡ് മികച്ച ഓഫര്‍ നല്‍കിയിട്ടുണ്ടെങ്കിലും താരം അതിൽ താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.
40 മില്യന്‍ യൂറോ നല്‍കാമെന്നായിരുന്നു ന്യൂകാസില്‍ യുണൈറ്റഡ് വ്യക്തമാക്കിയത്. ഈ ഓഫര്‍ റയല്‍ മാഡ്രിഡിന് തൃപ്തികരമാണെങ്കിലും ഹസാര്‍ഡ് ന്യൂ കാസിലിലേക്ക് പോവില്ലെന്ന നിലപാടിലാണ്. ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ അത്യാവശ്യമുള്ള താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ന്യൂ കാസില്‍ യുണൈറ്റഡ്.
അതിന് വേണ്ടിയാണ് ഹസാര്‍ഡിനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ഏതെങ്കിലുമൊരു ചാംപ്യന്‍സ് ലീഗ് യോഗ്യതയുള്ള ക്ലബിലേക്ക് മാറാനാണ് ഹസാര്‍ഡിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ന്യൂകാസില്‍ യുണൈറ്റഡ് നിലവില്‍ പ്രീമിയര്‍ ലീഗിന്റെ റിലഗേഷന്‍ സോണിലാണുള്ളത്. അതുകൊണ്ടാണ് താരം ഈ നീക്കത്തെ എതിര്‍ക്കുന്നതെന്നാണ് വിവരം. 2019ല്‍ പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയില്‍ നിന്നായിരുന്നു ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്കെത്തിയത്.
പക്ഷെ റയലിലെത്തിയിട്ട് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് താരം മറ്റൊരു തട്ടകം തേടിപ്പോകുന്നത്. പരുക്കും മോശം ഫോമും കാരണം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത ഹസാര്‍ഡിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന തീരുമാനത്തിലാണ് റയല്‍ മാഡ്രിഡ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.