അവസരങ്ങൾ കുറഞ്ഞാലും ജനുവരിയിൽ റയൽ മാഡ്രിഡ് വിടുന്ന കാര്യം ഹസാർഡ് പരിഗണിക്കുന്നില്ല


ചെൽസിയിൽ നിന്നും റയൽ മാഡ്രിഡിലേക്കുള്ള ഈഡൻ ഹസാർഡിന്റെ ട്രാൻസ്ഫർ താരത്തിന്റെ കരിയറിൽ വലിയൊരു തിരിച്ചടി തന്നെയായിരുന്നു. റയലിനു വേണ്ടി കളിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെങ്കിലും ഇതുവരെയും ക്ലബ് ജേഴ്സിയിൽ മികച്ച പ്രകടനം നടത്താൻ ബെൽജിയൻ താരത്തിനു കഴിഞ്ഞിട്ടില്ല. അടിക്കടിയുള്ള പരിക്കുകൾ അതിനു കൂടുതൽ വിലങ്ങുതടിയാവുകയും ചെയ്തു.
കാർലോ ആൻസലോട്ടി പരിശീലകനായി എത്തിയതിനു ശേഷം ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ ഫോമിലെത്തിയത് ഹസാർഡിന്റെ സാധ്യതകളെ കൂടുതൽ ഇല്ലാതാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ അവസരങ്ങൾ കുറഞ്ഞ താരം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഹസാർഡ് അക്കാര്യം പരിഗണിക്കുന്നില്ലെന്നാണ് സ്പാനിഷ് മാധ്യമം മാർക്ക വെളിപ്പെടുത്തുന്നത്.
He is desperate to prove himself in Madrid. https://t.co/CGsgHCqqfD
— MARCA in English (@MARCAinENGLISH) November 1, 2021
ഹസാർഡിനു വേണ്ടി ആൻസലോട്ടി റയൽ മാഡ്രിഡിൽ അദ്ദേഹത്തിനു ചേരുന്ന രീതിയിൽ ഫോർമേഷനിൽ മാറ്റം വരുത്തിയുള്ള പരീക്ഷണങ്ങൾ നടത്തി എങ്കിലും താരത്തിനു തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ അപ്പോഴും കഴിഞ്ഞില്ലായിരുന്നു. എന്നാൽ നിരാശനാവാതെ, ക്ഷമയോടെ തുടർന്ന് റയൽ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു പകരം നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.
രണ്ടു വർഷത്തിലധികമായി റയൽ മാഡ്രിഡിനൊപ്പമുള്ള ഹസാർഡ് ഇതുവരെ അമ്പത്തിമൂന്നു മത്സരങ്ങൾ മാത്രം കളിച്ച് അഞ്ചു ഗോളുകളാണ് നേടിയിട്ടുള്ളത്. ഷക്തറിനെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോഡ്രിഗോ കളിക്കില്ലെന്നതിനാൽ ആദ്യ ഇലവനിൽ തന്നെ ഇടം ലഭിക്കുമെന്നും തന്റെ കഴിവു പ്രകടിപ്പിക്കാൻ കഴിയുമെന്നും താരം കരുതുന്നു.
2019ൽ സ്വന്തമാക്കിയ ഹസാർഡിനെ ജനുവരിയിൽ വിൽക്കാൻ റയൽ മാഡ്രിഡിനും താൽപര്യമില്ല. നിലവിലെ സാഹചര്യത്തിൽ താരത്തെ ഒഴിവാക്കിയാൽ മുടക്കിയ തുകയുടെ പകുതി പോലും ലഭിക്കില്ലെന്ന കാര്യം തീർച്ചയാണ്. അതിനു പുറമെ സീസൺ പകുതി പിന്നിടുമ്പോൾ സ്ക്വാഡിനെ ദുർബലപ്പെടുത്തുന്ന തീരുമാനവും റയൽ മാഡ്രിഡ് കൈക്കൊള്ളാനിടയില്ല.
2022ലെ ലോകകപ്പിനുള്ള ബെൽജിയൻ ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ പൊരുതുന്ന ഹസാർഡിനെ സംബന്ധിച്ച് അവസരങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണ്. അടുത്ത സമ്മറിൽ എംബാപ്പെ റയൽ മാഡ്രിഡിൽ എത്താനുള്ള സാധ്യതയുള്ളതു കൊണ്ടു തന്നെ അവസരങ്ങൾ കുറഞ്ഞാൽ സീസണു ശേഷം ക്ലബ് വിടുന്നതിനെ കുറിച്ച് ഹസാർഡ് ചിന്തിക്കാനിടയുണ്ട്.