Football in Malayalam

ഹസാർഡിനു ചെൽസിയിലേക്ക് തിരിച്ചു പോകേണ്ട, ലക്ഷ്യം ആൻസലോട്ടിയുടെ പ്രധാന താരമാവുകയെന്നത്

Sreejith N
Real Madrid v Sevilla FC - La Liga Santander
Real Madrid v Sevilla FC - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

റയൽ മാഡ്രിഡിനൊപ്പമുള്ള രണ്ടു സീസണുകളും വളരെയധികം നിരാശപ്പെടുത്തുന്നതായിരുന്നു എങ്കിലും തന്റെ മുൻ ക്ലബായ ചെൽസിയിലേക്ക് തിരിച്ചു പോകാൻ ഈഡൻ ഹസാർഡിനു താൽപര്യമില്ലെന്നു റിപ്പോർട്ടുകൾ. 2019ലെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡിലേക്ക് വളരെ പ്രതീക്ഷകളോടെ ചേക്കേറിയ താരത്തിന് തുടർച്ചയായ പരിക്കുകൾ മൂലമാണ് റയലിൽ ഫോം കണ്ടെത്താൻ കഴിയാതിരുന്നത്.

ആദ്യത്തെ സീസണിൽ വെറും പതിനാറു ലീഗ് മത്സരങ്ങളിൽ മാത്രം കളത്തിലിറങ്ങിയ താരം അതിൽ പതിനാലെണ്ണത്തിൽ ആദ്യ ഇലവനിൽ ഉൾപ്പെട്ടിരുന്നപ്പോൾ കഴിഞ്ഞ സീസണിൽ അതിനേക്കാൾ പരിതാപകരമായിരുന്നു അവസ്ഥ. പതിനാലു ലീഗ് മത്സരങ്ങളിൽ മാത്രം റയലിനായി ഇറങ്ങിയ ഹസാർഡിന് അതിൽ ഏഴെണ്ണത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇടം പിടിക്കാനായത്.

തുടർച്ചയായ രണ്ടു സീസണുകളിലും റയലിനു വേണ്ടി തന്റെ പ്രതിഭയുടെ ഒരംശം പോലും പുറത്തെടുക്കാൻ കഴിയാതിരുന്ന ഹസാർഡിനെ കുറഞ്ഞ തുകക്ക് ലോസ് ബ്ലാങ്കോസ് ചെൽസിക്ക് ഓഫർ ചെയ്‌തുവെന്നും എന്നാൽ ലണ്ടൻ ക്ലബ് അതു നിഷേധിച്ചുവെന്നും ഡെയിലി മിറർ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ ചെൽസിക്ക് താൽപര്യമുണ്ടായിരുന്നെങ്കിലും പ്രീമിയർ ലീഗിലേക്ക് തിരിച്ചു പോകാൻ ഹസാർഡ് ഒരുക്കമായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സിദാന് കീഴിലുള്ള രണ്ടു സീസണുകളിൽ പരിക്ക് വില്ലനായി എങ്കിലും കാർലോ ആൻസലോട്ടിക്കു കീഴിൽ പുതിയ സീസണിൽ അതിനെ മറികടന്ന് റയൽ മാഡ്രിഡിലെ പ്രധാന താരമാകാൻ കഴിയുമെന്നാണ് ഹസാർഡ് പ്രതീക്ഷിക്കുന്നത്. മികച്ചൊരു പ്രകടനം ലക്ഷ്യമിട്ട് തന്റെ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും താരം ആരംഭിച്ചു കഴിഞ്ഞു.

അതേസമയം ഹസാർഡ് തുടരുകയാണെങ്കിൽ റയൽ മാഡ്രിഡ് ഏതാനും താരങ്ങളെ സീസണു ശേഷം ഒഴിവാക്കേണ്ടി വരും എംബാപ്പയെ റയൽ മാഡ്രിഡ് സ്വന്തമാക്കാനുള്ള നീക്കങ്ങൾ കൂടി നടത്തിയാൽ ഗാരത് ബേൽ, വിനീഷ്യസ്, സെബയോസ്, ഒഡേഗാർഡ് എന്നിവരിൽ ആരു വേണമെങ്കിലും റയലിൽ നിന്നും പുറത്തു പോയേക്കാം.


facebooktwitterreddit